കാഫിർ സ്ക്രീൻഷോട്ട് അന്വേഷണം വൈകരുത്‌: ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 03:24 AM | 0 min read

കൊച്ചി > വടകര ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുസമയത്ത് സമൂഹമാധ്യമങ്ങളിലൂടെ  കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പിടിച്ചെടുത്ത മൊബൈൽഫോണുകളുടെ ഫോറൻസിക് പരിശോധന വേഗം പൂർത്തിയാക്കണമെന്നും നിർദേശിച്ചു. കേസിൽ പ്രതിചേർത്ത എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം നൽകിയ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.

അന്വേഷണം എങ്ങനെ വേണമെന്ന് നിർദേശിക്കാൻ കോടതിക്കാകില്ല. അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടത്. അന്വേഷണഘട്ടത്തിൽ ആവശ്യമെങ്കിൽ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്ട്രേട്ട്‌ കോടതിയെ സമീപിക്കാം–- ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.  

സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കേസുകളാണ്‌ രജിസ്റ്റർ ചെയ്തത്‌. കേസ് ഡയറി പരിശോധിച്ചതിൽ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. രണ്ടാമത്തെ എഫ്ഐആറിൽ മതസ്പർധ വളർത്തിയതിനുള്ള 153എ വകുപ്പ് കൂട്ടിച്ചേർക്കണമെന്ന ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ കണക്കിലെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home