ഓണത്തിന് കാൽവരിക്കുന്ന് കയറിയാലോ? കാത്തിരിക്കുന്നത് കാഴ്ചയുടെ മായികലോകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 11:29 AM | 0 min read

കട്ടപ്പന > മഴനീങ്ങി, ഓണക്കാലവുമെത്തി. ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സജീവമാകുകയാണ്. ഇടുക്കി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായ കാൽവരിമൗണ്ട് വ്യൂപോയിന്റിൽ സഞ്ചാരികളുടെ തിരക്കാണ്. പ്രതിദിനം 500നും 700നുമിടയിൽ ആളുകളാണിപ്പോൾ എത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദരഭൂമി കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടിയിട്ട് ഏറെയായിട്ടില്ല.

പാറകളും പുൽമേടുകളും നിറഞ്ഞ മലനിരകളാണ് ഇവിടെത്തെ ഭൂപ്രകൃതി. മലമുകളിൽ നിന്നാൽ പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ച. കല്യാണത്തണ്ട് കുന്നിചെരിവുകളിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞും മലയടിവാരത്തെ ഘോരവനങ്ങളും ജലാശയത്തിലെ ദ്വീപുകളും ഒക്കെ ചേർന്നൊരുക്കുന്ന അനുഭവം വാക്കുകൾക്കും വർണനകൾക്കും അതീതമാണ്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മലബാർ മേഖലകളിലെ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.

ചെറുതോണി- കട്ടപ്പന റൂട്ടിൽ ഇടുക്കി ഡാം ടോപ്പ് പിന്നിട്ട് കുറച്ച് കിലോമീറ്റർ മുന്നോട്ട് പോയാൽ കാൽവരി മൗണ്ടെത്തും. ഇരുവശവും വേലിക്കെട്ടിത്തിരിച്ച ഉദ്യാനത്തിന് നടുവിലൂടെയാണ് വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം. ഇവിടെയെല്ലാം ഇരുന്ന് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകളും ഉണ്ട്. പാസ് മുഖേനെയാണ് പ്രവേശനം.

കഴിഞ്ഞവർഷം ഓണക്കാലത്ത് പ്രതിദിനം 2000ലേറെ പേർ ഇവിടെ എത്തിയിരുന്നു. നവരാത്രി അവധിക്കാലം ആഘോഷിക്കാൻ എത്തിയത് 25,000ലേറെ ആളുകൾ. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഏറെയും. കുടുംബസമേതം ദിവസങ്ങളോളം ഇവിടെ താമസിച്ച് കാഴ്ചകൾ ആസ്വദിച്ചാണ് മടക്കം. 50ലേറെ റിസോർട്ടുകളും ഹോംസ്റ്റേകളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട മേട്ടുക്കുറിഞ്ഞി കാണാൻ ഇപ്പോഴും ആളുകൾ എത്തുന്നുണ്ട്. മലകയറി എത്തുന്നവർക്ക് കോടമഞ്ഞും പച്ചപ്പും ഇടുക്കി ജലാശയവും കാഴ്ചകളുടെ കലവറ സമ്മാനിക്കുന്നു. മഴ ശമിച്ചതോടെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലും സന്ദർകരുടെ തിരക്കുണ്ട്. ഇരട്ടയാർ ഡൈവേർഷൻ ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ടണലും ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളുമാണ് പ്രധാന ആകർഷണം.



deshabhimani section

Related News

View More
0 comments
Sort by

Home