രാജിവിവാദം; സംഗീത നാടക അക്കാദമിക്കെതിരായ കള്ള പ്രചാരണം തള്ളിക്കളയണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 12:19 AM | 0 min read

തൃശൂർ > സംഗീത നാടക അക്കാദമിക്കെതിരായ കള്ള പ്രചാരണം കലാ സാംസ്‌കാരിക പ്രവർത്തകരും ബഹുജനങ്ങളും തള്ളിക്കളയണമെന്ന്‌  ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ  പ്രസ്താവനയിൽ  അഭ്യർഥിച്ചു. നിർവാഹക സമിതി അംഗമായിരുന്ന ഫ്രാൻസിസ് ടി  മാവേലിക്കര  രാജിവച്ചതായി അറിയിച്ച്‌  മന്ത്രിക്കും മാധ്യമങ്ങൾക്കും നൽകിയ കത്തിൽ   വാസ്തവവിരുദ്ധമായ കാര്യങ്ങളാണുള്ളത്‌.

അക്കാദമി നിർവാഹക സമിതി യോഗങ്ങൾ മുഴുവൻ കൃത്യമായി ചേരുകയും   ജനാധിപത്യപരമായി ചർച്ച ചെയ്‌ത്‌  തീരുമാനങ്ങളെടുക്കുകയുമാണ് ചെയ്യുന്നത്. കലാകാരന്മാരോട്‌  രാഷ്ട്രീയ വിവേചനമോ അവഗണനയോ  അക്കാദമിയിൽ നിന്നുണ്ടായിട്ടില്ല. അക്കാദമിയുടെ പരിപാടികളിൽ പോലും  സർക്കാരിനും വകുപ്പുമന്ത്രിക്കും അക്കാദമിക്കുമെതിരെ പ്രചാരണം നടത്തുകയാണ് ഫ്രാൻസിസ് ചെയ്തത്. കേസരി മാസികയിൽ നൽകിയ കവർ സ്റ്റോറിയിലുടനീളം ഈ പ്രതിലോമ രാഷ്ട്രീയ പ്രചാരണം കാണാം. ആരോഗ്യപരമായ കാരണങ്ങളാൽ  അക്കാദമി ഭരണസമിതിയിൽ നിന്ന്‌ ഒഴിവാക്കണമെന്നാണ്  വി ടി മുരളി രേഖാമൂലം അക്കാദമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ നിക്ഷിപ്ത താൽപ്പര്യവുമായി  അതിനെ കൂട്ടിക്കെട്ടാൻ ഫ്രാൻസിസ് ശ്രമിക്കുന്നതിൽ അർഥമില്ല.

നാടക രംഗത്ത് നൽകിയിരുന്ന സമഗ്രസംഭാവനാ പുരസ്‌കാരം നിർത്തിവച്ചുവെന്ന ആരോപണം അവാസ്തവമാണ്. 50,000 രൂപയുടെ   പുരസ്‌കാരത്തിനു പകരം ഒരു ലക്ഷം രൂപയുടെ എസ്എൽ പുരം സദാനന്ദൻ പുരസ്‌കാരം സർക്കാരിന്റെ സഹായത്തോടെ  നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകി വരികയാണ്. അമ്മന്നൂർ പുരസ്‌കാരം നിർത്തിയിട്ടില്ല.   ഇറ്റ്ഫോക്കിന്റെ ഭാഗമായി നൽകുന്ന ദേശീയ പുരസ്‌കാരമാണിത്‌. ഇൻഷുറൻസ് സ്‌കീമിൽ ഇപ്പോഴും ആക്‌സിഡന്റ് ക്ലെയിമിന്  രണ്ട്‌  ലക്ഷം രൂപ തന്നെയാണ്. കലാരംഗത്തുള്ളവർ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണിത്‌. അക്കാദമിക്ക്‌ എതിരായ  നുണപ്രചാരണങ്ങൾ തള്ളിക്കയണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home