തിരുവനന്തപുരം നഗരത്തിലെ തടസപ്പെട്ട കുടിവെള്ള വിതരണം നാളെ പുനഃരാരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 06:39 PM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരം നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഞായർ മുതൽ പുനഃരാരംഭിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ 500 എംഎം,700 എം എം പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയെ തുടർന്നാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്.

പൂർണമായി തടസപ്പെട്ട 33 കോർപ്പറേഷൻ വാർഡുകളിലും ഭാഗികമായി തടസപ്പെട്ട 11 കോർപ്പറേഷൻ വാർഡുകളിലും കുടിവെള്ള വിതരണം ഞായറാഴ്ച രാവിലെയോടെ പൂർവസ്ഥിതിയിലാക്കും. കെആർഎഫ്ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ട വഴുതക്കാട്, തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലേക്ക് ആക്കുന്നതിലേക്കായി നടത്തുന്ന രണ്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾ ഈ മാസം പന്ത്രണ്ടാം തീയതിയോടെ പൂർത്തിയാക്കും. അതുവരെ 10 ടാങ്കറുകളിൽ ഈ പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണം നടത്തും. നിലവിൽ 14 ടാങ്കറുകൾ നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ടാങ്കറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വാട്ടർ അതോറിറ്റിയുടെ 5 വെൻഡിങ് പോയിന്റുകളിൽ നിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകും.

കഴക്കൂട്ടം മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അമൃത് രണ്ട് പദ്ധതി പ്രകാരമുള്ള പ്രവൃത്തി കരാറിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഓണം നാളുകളിൽ ഈ മേഖലയിൽ നഗരസഭയിലെ ടാങ്കറുകൾക്ക് പുറമെ വാട്ടർ അതോറിറ്റി 10 ടാങ്കറുകളിൽ കൂടി കുടിവെള്ളമെത്തിക്കും. എഡിബി വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് നഗരസഭ തയ്യാറാക്കിയ ആയിരം കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി.

യോഗത്തിൽ എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ,അഡ്വ. ആന്റണി രാജു,വി കെ പ്രശാന്ത്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സബ് കളക്ടർ ആൽഫ്രഡ്, എഡിഎം വിനീത്, വാട്ടർ അതോറിറ്റി ജോയിന്റ് എംഡി ബിനു ഫ്രാൻസിസ്, കോർപ്പറേഷൻ കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, രാഖി രവികുമാർ, സുജാദേവി, കോർപ്പറേഷൻ സെക്രട്ടറി ജഹാംഗീർ, സ്മാർട്ട് സിറ്റി ജനറൽ മാനേജർ കൃഷ്ണകുമാർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home