പരാതിക്കാരിയെ അറിയില്ല, ആരോപണങ്ങളെല്ലാം വ്യാജം; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും: നിവിന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 09:37 PM | 0 min read

കൊച്ചി> തനിക്കെതിരായ പീഡനാരോപണ കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നടന്‍ നിവിന്‍ പോളി.യുവതി പീഡന കേസ് നല്‍കിയതിന് പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.തന്നെക്കൊണ്ടാകുന്ന രീതിയില്‍ കാര്യങ്ങള്‍ തെളിയിക്കാന്‍ ശ്രമിക്കും. ഇങ്ങനെ വ്യാജ ആരോപണങ്ങള്‍ വന്നുകഴിഞ്ഞാല്‍,എല്ലാവര്‍ക്കും ജീവിക്കണമല്ലോ; നാളെ ആര്‍ക്കെതിരേയും വരാം- നിവിന്‍ പറഞ്ഞു.

  വ്യാജ ആരോപണങ്ങള്‍ ആണുങ്ങള്‍ക്കെതിരെ വന്ന നിരവധി കേസുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത് തെറ്റാണെന്നും തെളിയിച്ച സാഹചര്യമുണ്ട്. ഇനിയും ആര്‍ക്കെതിരേയും വരാം. അവര്‍ക്ക് കൂടി വേണ്ടിയാണ് ഇപ്പോള്‍ വന്ന് സംസാരിക്കുന്നത്. ആരെങ്കിലും സംസാരിച്ചില്ലെങ്കില്‍ ഇതിങ്ങനെ നീണ്ട് പോകും.

സിനിമ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ വിളിച്ച് പിന്തുണച്ചു. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. താന്‍ ഇവിടെ തന്നെയുണ്ടാകും. ഇനിയും മാധ്യമങ്ങളെ കാണേണ്ടി വന്നാല്‍ കാണും. സംസാരിച്ച് അധികം ശീലമില്ല. വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്ന അതേ രീതിയില്‍  തന്നെ മാധ്യമങ്ങള്‍ കൂടെ നില്‍ക്കണമെന്നും നിവിന്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചത്. സി ഐ വിളിച്ചു, ആളുടെ പേര് ഓര്‍ക്കുന്നില്ല. ഒരു ആരോപണം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് മറുപടി നല്‍കി. വാസ്തവമില്ലാത്ത വ്യാജ കേസാണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്.

 എല്ലാ ആരോപണവും തെറ്റാണ്. താന്‍ എവിടേയും പോകുന്നില്ല. എല്ലാം നിയമരീതികളോടും സഹകരിക്കാന്‍ തയ്യാറാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. ഇന്നുവന്ന പരാതി വായിച്ചിട്ടില്ല. ഒന്നര മാസം മുമ്പ് നല്‍കിയ പരാതിയിലും നിലവിലെ പരാതിയില്‍ പറയുന്ന ആരോപണങ്ങളോട് സാമ്യമുള്ള ആരോപണങ്ങളാണ്  യുവതി പറഞ്ഞതെന്നും നിവിന്‍ വ്യക്തമാക്കി

തനിക്കെതിരായ ലൈംഗികാരോപണ പരാതി വ്യാജമെന്ന് നിവിന്‍ പോളി സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍  സാമൂഹികമാധ്യമകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  നിവിന്‍ പോളിക്കെതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം.





 



deshabhimani section

Related News

View More
0 comments
Sort by

Home