പീഡനപരാതി ; നിവിൻ പോളിക്കെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 07:07 PM | 0 min read


കോതമംഗലം
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾപ്രകാരം പൊലീസ്‌ കേസെടുത്തു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പൊലീസാണ്‌ കേസെടുത്തത്‌. ആറാംപ്രതിയാണ്‌ നിവിൻ പോളി.

കഴിഞ്ഞവർഷം നവംബറിൽ ദുബായിലെ ഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ പരാതി. യൂറോപ്പിൽ കെയർഗിവർ ജോലി നൽകാമെന്ന്‌  സുഹൃത്തായ കോട്ടയം സ്വദേശിനി ശ്രേയ വാഗ്‌ദാനം ചെയ്‌തപ്രകാരമാണ്‌ യുവതി ദുബായിൽ എത്തിയത്‌. മൂന്നുലക്ഷം രൂപയും യുവതി നൽകിയിരുന്നു. ജോലി ലഭിക്കാതായപ്പോൾ ശ്രേയയോട്‌ പണം തിരികെ ചോദിച്ചു. തനിക്ക്‌ ചലച്ചിത്രമേഖലയിലുള്ളവരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും ശ്രേയ വിശ്വസിപ്പിച്ചു. പിന്നീട്‌ ഹോട്ടൽ മുറിയിലെത്തിക്കുകയും നിവിൻ പോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്നുമാണ്‌ പരാതി.

ശ്രേയയാണ്‌ ഒന്നാംപ്രതി. നിർമാതാവ്‌ തൃശൂർ സ്വദേശി എ കെ സുനിൽ രണ്ടാംപ്രതിയും. എറണാകുളം സ്വദേശികളായ ബഷീർ, ബിനു, കുട്ടൻ എന്നിവരാണ്‌ മറ്റുപ്രതികൾ. പ്രത്യേക അന്വേഷകസംഘത്തിന്‌ ലഭിച്ച പരാതി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനായി ഊന്നുകൽ പൊലീസിന്‌ കൈമാറുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌. കേസ്‌ പ്രത്യേകസംഘം തന്നെയാകും അന്വേഷിക്കുക.

നിവിൻ പോളി ഉൾപ്പെടെയുള്ളവർക്കെതിരെ ഇതേ യുവതി ഒരുമാസംമുമ്പ്‌ മറ്റൊരു പരാതി ഊന്നുകൽ സ്‌റ്റേഷനിൽ നൽകിയിരുന്നു. ദുബായിൽവച്ച്‌ മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അന്നത്തെ പരാതി. അതിൽ  പൊലീസ്‌ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home