യുഡിഎഫിനായി ആരോപണമുന്നയിച്ചു ; വാഗ്‌ദാനം ചെയ്‌ത 
15 കോടി തട്ടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 01:53 AM | 0 min read


തിരുവനന്തപുരം
യുഡിഎഫ്‌ സർക്കാരിനെ താങ്ങിനിർത്താൻ ജോസ്‌ തെറ്റയിലിനെതിരെ ആരോപണമുന്നയിച്ചതിന്‌ ഉമ്മൻചാണ്ടി വാഗ്‌ദാനം ചെയ്‌ത തുക നൽകാതെ ബെന്നി ബെഹ്‌നാൻ വഞ്ചിച്ചെന്ന പരാതിയുമായി യുവതി. 15 കോടി രൂപ പാർടി ഫണ്ടിൽ നിന്ന്‌ ബെന്നി ബെഹ്‌നാൻ വാങ്ങിയെന്നും ഇത്‌ നൽകിയില്ലെന്നും യുവതി മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരോട്‌ പരാതിപ്പെടുന്ന ശബ്ദരേഖയാണ്‌ ഹമീർ ഷാഹുദീൻ വർക്കല എന്നയാൾ സമൂഹ മാധ്യമം വഴി പുറത്തുവിട്ടത്‌.

അങ്കമാലി സ്വദേശിയായ യുവതിക്ക്‌ 15 കോടി രൂപയാണ് ഉമ്മൻചാണ്ടി വാഗ്‌ദാനം ചെയ്‌തത്‌. ഈ പണം പാർടിഫണ്ടിൽ നിന്ന്‌ ബെന്നി ബെഹ്‌നാന്‌ നൽകിയെന്നാണ്‌ ഉമ്മൻചാണ്ടി തന്നോട്‌ പറഞ്ഞതെന്ന്‌ യുവതി പറയുന്നു. ഈ തുക നൽകാൻ ഉമ്മൻചാണ്ടി നേരിട്ട്‌ ബെന്നിയോട്‌ ആവശ്യപ്പെട്ടിട്ടും  നൽകിയില്ല. ഇക്കാര്യത്തിൽ ഇടപെടണമെന്ന യുവതിയുടെ ആവശ്യത്തിൽ നിന്ന്‌ ചെന്നിത്തല ഒഴിഞ്ഞുമാറി. 28 ലക്ഷം കിട്ടിയില്ലേ അതുമതിയെന്നായിരുന്നു മറുപടി.

എ കെ ആന്റണിയെ കാണാൻ പോയിരുന്നതായി യുവതി തിരുവഞ്ചൂരിനോട്‌ വെളിപ്പെടുത്തി. ബെന്നി ബെഹ്‌നാനല്ലേ എല്ലാം ചെയ്യിച്ചതെന്നും അയാളുടെ വീട്ടിൽ പോയിരിക്കാനുമാണ്‌ ആന്റണി ഉപദേശിച്ചതെന്നും യുവതി പറയുന്നു.  എന്താണെന്ന്‌ പരിശോധിക്കാമെന്ന്‌ പറഞ്ഞ്‌ തിരുവഞ്ചൂരും യുവതിയുമായുള്ള സംഭാഷണം അവസാനിപ്പിച്ചു. സോളാർ അഴിമതിക്കെതിരെ സമരം നടക്കുന്ന സമയത്താണ്‌ ബെന്നി ബെഹ്‌നാൻ തന്നോട്‌ ആരോപണമുന്നയിക്കാൻ ആവശ്യപ്പെട്ടതെന്നും പണം വാഗ്‌ദാനം ചെയ്‌തെന്നും യുവതി വെളിപ്പെടുത്തുന്നു. യുഡിഎഫിനായി നിന്നതിന്റെ പേരിൽ കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും താൻ ഒറ്റപ്പെട്ടതായും ഇവർ ശബ്ദരേഖയിൽ പറയുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home