മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കും; 13 വര്‍ഷത്തിന് ശേഷം കേന്ദ്ര ജല കമ്മീഷന്റെ അനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 03:46 PM | 0 min read


തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ടിൽ  സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമീഷൻ അംഗീകരിച്ചു. പരിശോധന ഒരു വർഷത്തിനകം പൂർത്തിയാക്കാൻ കമീഷൻ നിർദേശിച്ചു.  കേന്ദ്ര ജല കമീഷൻ ചീഫ് എൻജിനിയർ രാകേഷ് കശ്യപിന്റെ അധ്യക്ഷതയിൽ ചേർന്ന 18–-ാമത് മേൽനോട്ടസമിതി യോഗത്തിലാണ്  തീരുമാനം. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തിനാണ്‌ അംഗീകാരമായത്‌.

സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന ശക്തമായ നിലപാടാണ് കേരളം മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലെടുത്തത്. സ്വതന്ത്ര വിദഗ്‌ധർ ഉൾപ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. മൂന്ന് മാസത്തിനകം സമിതി രൂപീകരിക്കും. 2021-ലെ ഡാം സുരക്ഷാനിയമപ്രകാരം 2026-ൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്ന തമിഴ്‌നാടിന്റെ വാദം സമിതി തള്ളി. സുരക്ഷാ പരിശോധനകളിൽ ബലക്കുറവ്‌ കണ്ടെത്തിയാൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിന്റെ വാദത്തിന് പ്രബലമാകും. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, പ്രവർത്തന സുരക്ഷ എന്നിവ പരിശോധിക്കും. 12 മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.   2011ൽ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയാണ് ഇതിനുമുമ്പ്‌ സമഗ്ര പരിശോധന നടത്തിയത്.  2022 ഏപ്രിൽ എട്ടിനാണ് സാങ്കേതിക വിദഗ്‌ധരെ ഉൾപ്പെടുത്തി മേൽനോട്ടസമിതി സുപ്രീംകോടതി പുനഃസംഘടിപ്പിച്ചത്.   കേരളത്തെ പ്രതിനിധികരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, ഐഡിആർബി ചീഫ് എൻജിനിയർ (അന്തർസംസ്ഥാന നദീജലം ) ആർ പ്രിയേഷ്, എന്നിവരും തമിഴ്‌നാടിനെ പ്രതിനിധികരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ മണിവാസൻ, കാവേരി ടെക്‌നിക്കൽ സെൽ ചെയർമാൻ ആർ സുബ്രമണ്യൻ എന്നിവരുമാണ് പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home