0484 എയ്‌റോ ലോഞ്ച്‌ ; രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്‌ , കുറഞ്ഞ
ചെലവിൽ ആഡംബരസൗകര്യങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 01:41 AM | 0 min read

 


കൊച്ചി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ ആഡംബരസൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടാണ്‌ രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്‌ നിർമിച്ചത്‌.

ടെർമിനൽ രണ്ടിനോട്‌ ചേർന്നാണ്‌ ലോഞ്ച്‌ ഒരുക്കിയിരിക്കുന്നത്‌. 50,000 ചതുരശ്രയടിയിൽ 37 മുറികൾ, നാല്‌ സ്യൂട്ടുകൾ, മൂന്ന്‌ ബോർഡ് റൂമുകൾ, രണ്ട്‌ കോൺഫറൻസ് ഹാൾ, ഒരു കോ -വർക്കിങ്‌ സ്‌പേസ്, ജിം, സ്പാ, ലൈബ്രറി, റസ്റ്റോറന്റ് എന്നിവയെല്ലാം ലോഞ്ചിലുണ്ട്. എറണാകുളത്തിന്റെ എസ്ടിഡി കോഡിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌ 0484 എയ്റോ ലോഞ്ച്‌ എന്ന്‌ പേരിട്ടത്‌. ലോഞ്ചിന്റെ ഉൾഭാഗം കേരളത്തിന്റെ പ്രകൃതിസൗന്ദര്യം വിളിച്ചോതുന്നതാണ്‌. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഏഴ് മെഗാ പദ്ധതികളിൽ മൂന്നെണ്ണം ഇതിനകം ആരംഭിച്ചു. നാലാമത്തെ മെഗാ പദ്ധതിയാണ്‌ എയ്‌റോ ലോഞ്ച്‌. അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫുഡ്കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവ അതിവേഗം പുരോഗമിക്കുന്നു.

ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രി കെ രാജൻ, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്‌, എംപിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ, ഹൈബി ഈഡൻ, സിയാൽ ഡയറക്ടർമാരായ എം എ യൂസഫലി, ഇ കെ ഭരത്‌ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ വി ജോർജ്, ഇ എം ബാബു, ഡോ. പി മുഹമ്മദലി, കൊച്ചിൻ എയർപോർട്ട് സ്റ്റാഫ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ്‌ സി എൻ മോഹനൻ, സിയാൽ എംഡി എസ് സുഹാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ സജി കെ ജോർജ്, മാത്യു തോമസ്, എ വി സുനിൽ, വി എം ഷംസുദീൻ, വിജി ബിജു, ശോഭ ഭരതൻ എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിയാൽ ജീവനക്കാരുടെ ഒരുകോടി രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയും എയർപോർട്ട് എവിക്റ്റീസ് വെൽഫെയർ സൊസൈറ്റിയും അരലക്ഷം രൂപവീതവും മുഖ്യമന്ത്രിക്ക്‌ കൈമാറി. സിയാൽ രണ്ടുകോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home