ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്യുന്നു; അമ്മയെ മാത്രം കുറ്റപ്പെടുത്തരുത്: മോഹൻലാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 02:58 PM | 0 min read

തിരുവനന്തപുംരം > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് അമ്മ മുൻ പ്രസിഡന്റ് മോഹൻലാൽ. റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്യുന്നു. കമ്മിറ്റിക്ക് മുൻപാകെ രണ്ട് തവണ താൻ മൊഴി നൽകിയെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ഏങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലില്ലായിരുന്നു. ഭാര്യയുടെ സർജറിയുമായും സിനിമ ചിത്രീകരണവുമായും ബന്ധപ്പെട്ടാണ് മാറി നിന്നതെന്നും മോഹൻലാൽ പറഞ്ഞു.

സിനിമ മേഖലക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്കെല്ലാം ക്രൂശിക്കപ്പെടുന്നത് അമ്മ എന്ന സംഘടനയാണ്. അമ്മ ട്രേഡ് യൂണിയൻ സ്വഭാവമുള്ള സംഘടനയല്ല. കുടുംബ സ്വഭാവമുള്ള സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. നിരവധി സംഘടനകൾ ഉള്ള ഇൻഡസ്ട്രിയാണിത്. എന്നാൽ എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതാണ് കാണുന്നത്. ആരോപണങ്ങളുടെ പേരിൽ ഒരു സംഘടനയെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല. നിയമ സഹായം തേടിയും സിനിമയിലെ തലമൂത്ത ആളുകളുമായി കൂടിയോലോചിച്ചുമാണ് അമ്മ ഭരണസമതി പിരിച്ചുവിടുന്ന തീരുമാനത്തിലേക്കെത്തിയത്. അതിന്റെ പേരിൽ സംഘടന ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറില്ല. സിനിമയിൽ സംഭവിച്ചത് മറ്റെല്ലാം മേഖലയിലും സംഭവിക്കുന്നത് തന്നെയാണ്. തെറ്റുകാർക്കെതിരെ അന്വേഷണം ഉണ്ടാകണം. എന്നാൽ ഇതിന്റെ പേരിൽ പതിനായിരങ്ങൾ ജോലി ചെയ്യുന്ന ഒരു ഇൻഡസ്ട്രിയാകെ തകർന്നു പോകരുത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ മികച്ച തീരുമാനമാണ്. നിയമനടപടികൾ മുന്നോട്ടു പോകുന്നുമുണ്ട്. കുറ്റം ചെയ്തവർക്ക് പിന്നാലെ പൊലീസ് ഉണ്ട്. കേരളത്തിൽ നിന്നുള്ള മുന്നേറ്റമായി ഇത് മാറണം.  ഇതെല്ലാം സിനിമയെ നല്ലൊരു ഇൻഡസ്ട്രിയാക്കി മാറ്റാൻ സഹായിക്കും. ഇത്തരത്തിലുള്ള അന്വേഷണം ഉണ്ടാകണമെന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ ഇൻഡസ്ട്രികളിൽ നിന്നും ഉയരുന്നുണ്ട്. ഇതുവരെ സംഭവിച്ചതൊന്നും ഇനി സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളാണ് നോക്കേണ്ടത്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സംഘടനയും നിയമ നിർമാണവും വേണം. പരാതിക്കാർക്കൊപ്പം നിൽക്കുമെന്നും താനൊരു പവർ​ഗ്രൂപ്പിന്റെയും ഭാ​ഗമല്ലെന്നും മോഹൻലാൽ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home