മാസ്‍കോട്ട് ഹോട്ടലിൽ സിദ്ദിഖും 
യുവതിയും ഒരേ ദിവസം ; ശക്തമായ തെളിവുമായി അന്വേഷകസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 02:32 PM | 0 min read


തിരുവനന്തപുരം
നടൻ സിദ്ദിഖ്‌ പീഡിപ്പിച്ചുവെന്ന്‌ നടി പരാതിയിൽ പറയുന്ന ദിവസം അദ്ദേഹവും നടിയും മാസ്‍കോട്ട്  ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്‌ തെളിവ്‌. 2016 ജനുവരിയിൽ മൂന്നുദിവസം സിദ്ദിഖ്‌ ഇവിടെ താമസിച്ചതായി രേഖകളിൽ നിന്ന്‌ തെളിഞ്ഞു. നടി വന്നതിന്‌ തെളിവായി സന്ദർശക രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ടതിന്റെ രേഖയാണ്‌ ലഭിച്ചത്‌.   കന്റോൺമെന്റ്‌ എസിപിയുടെ നേതൃത്വത്തിൽ മ്യൂസിയം പൊലീസ്‌ ഹോട്ടലിൽ എത്തി  ഇവ ശേഖരിച്ചു.  ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ട് ഒന്നാം നിലയിലെ സിദ്ദിഖിന്റെ മുറിയിൽ പോയെന്നാണ്‌ നടിയുടെ മൊഴി. മ്യൂസിയം ഇൻസ്‌പെക്ടർ ശരത്തും എസ്‌ഐ ആശാ ചന്ദ്രനുമാണ്‌ രേഖകൾ പരിശോധിച്ച്‌ കസ്റ്റഡിയിലെടുത്തത്‌. സിനിമയുടെ പ്രിവ്യൂവിനു നിള തിയറ്ററിൽ പോയപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ്‌ നടിയെ കണ്ടതെന്ന സിദ്ദിഖിന്റെ വാദം ഇതോടെ പൊളിഞ്ഞു.

അതിനിടെ, സിദ്ദിഖിനെതിരായ നടിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി രേഖപ്പെടുത്തി. ക്രൂരമായ പീഡനത്തിനിരയായെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നതായും നടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളിൽനിന്നും വ്യാഴാഴ്‌ച പൊലീസ്‌ മൊഴിയെടുത്തു. പീഡനത്തിനിരയായി എന്ന്‌ നടി പരാതിയിൽപറയുന്ന 2016 ജനുവരിയിലെ ഈ ദിവസങ്ങളിൽ നിള തിയറ്ററിൽ സിനിമാ പ്രിവ്യൂ ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിക്കും. മാസ്‌കോട്ട്  ഹോട്ടലിലെ ഒരു ജീവനക്കാരിയെ സിദ്ദിഖ്‌ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്‌. ഇവരെ കണ്ടെത്തി തെളിവുശേഖരിക്കും. അതേസമയം സിദ്ദിഖ്‌ മുൻകൂർ ജാമ്യത്തിന്‌ ശ്രമം തുടങ്ങി. പരാതിയുടെയും എഫ്ഐആറിന്റെയും പകർപ്പ്‌ ആവശ്യപ്പെട്ട് പ്രതി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.  ബുധനാഴ്‌ച രാവിലെയാണ്‌ നടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി പൊലീസ്‌ കേസെടുത്തത്‌.



deshabhimani section

Related News

0 comments
Sort by

Home