വാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെ 
അന്താരാഷ്‌ട്ര വിപണി വിപുലീകരിക്കും-: മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:00 AM | 0 min read

ആലപ്പുഴ
കയർ കോർപറേഷന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകിത്തുടങ്ങുന്നതോടെ കയറിന്റെ അന്താരാഷ്‌ട്ര കമ്പോളത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പാണ് സാധ്യമാകുന്നതെന്ന്  മന്ത്രി പി രാജീവ് പറഞ്ഞു. വാൾമാർട്ട് ഓൺലൈൻ മുഖാന്തരം വിൽപ്പന നടത്തുന്നതിനുള്ള കയർ ഉൽപ്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നറിന്റെ ഫ്ലാഗ് ഓഫും കയർ ആൻഡ്‌ ക്രാഫ്റ്റ് ഷോറൂം ഉദ്ഘാടനവും ആലപ്പുഴയിലെ കയർ കോർപറേഷൻ ഹെഡ് ഓഫീസിൽ നടത്തുകയായിരുന്നു അദ്ദേഹം.

ഒന്നരക്കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യഘട്ടം നൽകുന്നത്. ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്‌ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്കുതന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്തഘട്ടം.   കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂമിൽ പരമ്പരാഗത മേഖലയിലെ മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാകും. പൊതുമേഖലാ -പരമ്പരാഗത ഉൽപ്പന്നങ്ങൾക്കുവേണ്ടിയുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം വ്യാഴാഴ്‌ച ആരംഭിക്കും. വിവിധ തട്ടുകളിലുള്ള സൊസൈറ്റികൾക്ക് രണ്ടരലക്ഷംമുതൽ നാലുലക്ഷംവരെയുള്ള സഹായ പദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് പരിശീലനം നേടിയ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി  വിതരണംചെയ്‌തു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കയർ കോർപറേഷൻ നൽകുന്ന 10 ലക്ഷം രൂപ മന്ത്രി ഏറ്റുവാങ്ങി. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, കയർകോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, കയർവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കയർ കോർപറേഷൻ മുൻചെയർമാൻ ആർ നാസർ, കയർവകുപ്പ് ഡയറക്‌ടർ ആനി ജൂലാ തോമസ്, ബിപിടി എക്‌സിക്യൂട്ടീവ് ചെയർമാൻ കെ അജിത്ത്കുമാർ, കയർ കോർപറേഷൻ മാനേജിങ് ഡയറക്‌ടർ ഡോ. പ്രതീഷ് ജി പണിക്കർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home