കൂട്ടരാജി പ്രതിസന്ധിയോ, മാറ്റമോ ; ഭിന്നാഭിപ്രായം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 12:17 AM | 0 min read


തിരുവനന്തപുരം
അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചതിൽ ഭിന്നാഭിപ്രായം ശക്തം. ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തുവന്നതോടെ സിനിമാമേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കൂട്ടരാജി.

സംഘടനയുടെ സ്വഭാവത്തിലും അജണ്ടയിലും മാറ്റങ്ങൾ വരുമെന്ന്‌ പ്രതീക്ഷിക്കുന്നവരും രാജി എടുത്തുചാട്ടമായെന്ന്‌ വിലയിരുത്തുന്നവരുമുണ്ട്‌. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ജോയിന്റ്‌ സെക്രട്ടറിയുമടക്കം രാജിവച്ചത്‌ സംഘടനാപരമായി ശരിയായില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ധാർമിക ഉത്തരവാദിത്വത്തിൽ ഭാരവാഹി സ്ഥാനങ്ങൾ രാജിവയ്ക്കുന്നുവെന്നും അഡ്‌ഹോക്‌ കമ്മറ്റി തുടർന്ന്‌ പുതിയ നേതൃനിരയെ കൊണ്ടുവരുമെന്നുമാണ്‌ സംഘടനയുടെ പ്രതികരണം. റിപ്പോർട്ട്‌ പുറത്തുവന്നതിനുപിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ലഭിച്ച പരാതിപ്രകാരം ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്‌ജിത്തിനെതിരെ ജാമ്യമില്ലാ വ്യവസ്ഥ പ്രകാരം  കേസെടുക്കുകയും ചെയ്തു. 

പിഴവ്‌ അംഗീകരിച്ച്‌ തിരുത്താൻ മുന്നോട്ട്‌ വരണമെന്ന സന്ദേശമാണ്‌ ‘അമ്മ’ ഭാരവാഹിയായ ജഗദീഷും നടൻ പൃഥ്വിരാജും നൽകിയത്‌. ഉർവശി അടക്കമുള്ള സീനിയർ അഭിനേതാക്കളും സംഘടനാ  നിലപാടിനെതിരെ രംഗത്തുവന്നു. സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച്‌ പരാതി നൽകിയിട്ടും പരിഗണിക്കാൻ സംഘടനാനേതൃത്വം ശ്രമിച്ചില്ലെന്ന ആക്ഷേപം നടിമാർ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്‌.

ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ട്രേഡ്‌ യൂണിയൻ സ്വഭാവത്തിലേക്ക്‌ എത്താത്തതിനാൽ പ്രശ്നം രൂക്ഷമാണെന്ന അഭിപ്രായം സജീവമാണ്‌. സ്‌ത്രീകൾക്ക്‌ പ്രധാന ഭാരവാഹിത്വം ലഭിക്കണം, തലമുറമാറ്റം വേണം, ആരോപണ വിധേയർ മാറണം തുടങ്ങി പലതരം ചർച്ചകളാണ്‌ നടക്കുന്നത്‌. ഈ നീക്കങ്ങൾ മലയാള സിനിമയ്ക്ക്‌ ഗുണകരമാകുമെന്നാണ്‌ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Home