ആരോപണ വിധേയർ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം: ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 06:00 PM | 0 min read

തിരുവനന്തപുരം > ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ. ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന തൊഴിൽ ചൂഷണങ്ങൾക്ക് നേരെയുള്ള ഒരു ചൂണ്ടു പലകയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട്. സിനിമാ രംഗത്തെ ജൂനിയർ - സീനിയർ വ്യത്യാസമില്ലാതെ പല വനിതാ സിനിമാ പ്രവർത്തകരും ഇൻഡസ്ട്രിയുടെ അകത്ത് നിന്ന് തന്നെ ലൈംഗിക ചൂഷണത്തിന് വിധേയമാകേണ്ടി വന്നതും അത്തരം ശ്രമങ്ങൾ നേരിട്ടതും ഈ ദിവസങ്ങളിൽ തുറന്ന് പറയുകയുണ്ടായി.

തങ്ങൾ അനുഭവിച്ച ചൂഷണങ്ങൾ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു. പരാതിപ്പെടുന്നവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന ക്യാരക്റ്റർ അസാസിനേഷനുകൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ  നിയോഗിച്ചത് പ്രതീക്ഷ നല്കുന്നതാണ്.

നടിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ട ധീരമായ നിലപാട് തന്നെയാണ് ഹേമാ കമ്മിറ്റിക്ക് രൂപം കൊടുത്തത്. ഇപ്പോൾ പുറത്ത് വന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടും അതിനോട് സംസ്ഥാന സർക്കാർ സ്വീകരിച്ച ദ്രുത ഗതിയിലുള്ള നടപടികളുമാണ് കൂടുതൽ സ്ത്രീകൾക്ക് തുറന്ന് പറച്ചിലിനുള്ള ധൈര്യം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊരു പഠനവും റിപ്പോർട്ടും രാജ്യത്ത് തന്നെ ആദ്യമായാണ്. ഇത്തരമൊരു നടപടി കേരളത്തിൽ സാധ്യമായത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ - സാമൂഹിക സംസ്കാരവും ഇടതുപക്ഷ ഭരണവും നിലനിൽക്കുന്നതിനാലാണ്.

ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരോട് അപമര്യാദയോടെ പെരുമാറിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും
നടൻ ധർമജന്റെയും നിലപാട് പ്രതിഷേധാർഹമാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home