അതിജീവിതകൾ ശബ്‌ദിക്കട്ടെ ; ധൈര്യംപകർന്ന് സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 11:27 PM | 0 min read


തിരുവനന്തപുരം
ഹേമകമ്മിറ്റി റിപ്പോർട്ടിന്‌ പിന്നാലെ ഉന്നത പൊലീസ്‌ അന്വേഷകസംഘത്തെയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതോടെ സിനിമാമേഖലയിൽ അനീതിയും പീഡനവും നേരിട്ട കൂടുതൽപേർ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത്‌. ഇന്നലെവരെ ഭയത്താൽ അടക്കിപ്പിടിച്ച  പരാതികൾക്കാണ്‌ ഇതോടെ ശബ്‌ദം കൈവന്നത്‌.  പ്രമുഖ നടന്മാരും സംവിധായകരും നിർമാതാക്കളും അടക്കമുള്ളവർക്കെതിരെയാണ്‌ പരാതികളേറെയും. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, എം മുകേഷ്‌, മണിയൻപിള്ള രാജു, നിർമാതാവും ലോയേഴ്‌സ്‌ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കെപിസിസി നിയമസഹായവേദി അധ്യക്ഷനുമായ  അഡ്വ. വി എസ്‌ ചന്ദ്രശേഖരൻ, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെ നടി മിനു മുനീർ രംഗത്തെത്തി. ഷൂട്ടിങ്ങിനിടെ സംവിധായകൻ തുളസീദാസ്‌ മോശമായി പെരുമാറിയെന്ന്‌  നടി ഗീതാ വിജയനും "അമ്മ' ജോയിന്റ്‌ സെക്രട്ടറിയും നടനുമായ ബാബുരാജ്‌ പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റും  ആരോപിച്ചു.

പരസ്യ ചിത്രങ്ങളിൽ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ സംവിധായകൻ ശ്രീകുമാർ മേനോൻ പീഡിപ്പിച്ചതായി  മറ്റൊരു യുവതി പരാതിപ്പെട്ടു.  കഥ കേൾക്കാൻ വിളിച്ചുവരുത്തി സംവിധായകൻ വി കെ പ്രകാശ്‌ ലൈംഗികമായി ആക്രമിച്ചതായാണ്‌ യുവകഥാകൃത്തിന്റെ പരാതി. സംവിധായിക ശ്രുതി ശരണ്യവും വി കെ പ്രകാശിനെതിരെ ആരോപണവുമായെത്തി. നടൻ ഷൈൻ ടോം ചാക്കോയ്‌ക്കുവേണ്ടി ചിലർ സമീപിച്ചതായി ജൂനിയർ ആർട്ടിസ്റ്റ്‌ വെളിപ്പെടുത്തി. സംവിധായകൻ ഹോട്ടൽ മുറിയിലെ വാതിലിൽ രാത്രി മുട്ടിവിളിച്ചതായി നടി ശ്രീദേവികയും ആരോപിച്ചു. ബംഗാളി നടി ശ്രീലേഖ മിത്ര, രേവതി സമ്പത്ത്‌, സോണിയ മൽഹാർ, ടെസ് ജോസഫ്‌, ശ്വേത മേനോൻ, ഉർവശി, ഉഷ തുടങ്ങിയവർ ലൈംഗികാരോപണവും തൊഴിൽചൂഷണവും അടക്കം ഉന്നയിച്ച്‌ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പരാതി ഉന്നയിക്കാൻ ആരെങ്കിലും തയ്യാറായാൽ അന്വേഷിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കിയിരുന്നു. ചില നടിമാർ പരാതികളുമായി രംഗത്തെത്തിയതോടെ നാല്‌ വനിതാ ഐപിഎസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഏഴംഗ അന്വേഷക സംഘത്തെ സർക്കാർ നിയോഗിച്ചു. ഇതിനു പിന്നാലെയാണ്‌ കൂടുതൽപേർ പരാതിയുമായി മുന്നോട്ടുവന്നത്‌.

രഞ്ജിത്തിനെതിരെ കേസെടുത്തു
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്‌ജിത്തിനെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം  കൊച്ചി സിറ്റി പൊലീസ്‌ കേസെടുത്തു. ബംഗാളി നടി ശ്രീലേഖ മിത്ര സിറ്റി പൊലീസ് കമീഷണർക്ക്‌ ഇ –മെയിലിൽ നൽകിയ  പരാതിയിലാണ് നടപടി.

ആദ്യയോഗം 
ഇന്ന്‌
സിനിമാ മേഖലയിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യയോഗം ചൊവ്വ പകൽ 10.30ന്‌ ചേരും.     ഡിജിപി ഷേഖ്‌ ദർവേഷ്‌ സാഹേബിന്റെ സാന്നിധ്യത്തിലാണ്‌ യോഗം.

 

 



deshabhimani section

Related News

View More
0 comments
Sort by

Home