'ഫ്രഷ് ബൈറ്റ്സ്' : കുടുംബശ്രീ ചിപ്സും 
ശര്‍ക്കരവരട്ടിയും പുതിയ ബ്രാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 12:40 AM | 0 min read


തിരുവനന്തപുരം
കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ചിപ്സും ശർക്കരവരട്ടിയും "ഫ്രഷ് ബൈറ്റ്സ്' എന്ന ബ്രാൻഡിൽ വിപണിയിലേക്ക്. വിവിധ ജില്ലകളിൽ ചിപ്സ്, ശർക്കരവരട്ടി എന്നിവ ഉൽപ്പാദിപ്പിക്കുന്ന 300 യൂണിറ്റുകളിൽനിന്ന്‌ തെരഞ്ഞെടുത്ത 700-ലേറെ സംരംഭകരാണ് ബ്രാൻഡിങ്ങിന്റെ ഭാഗമാകുന്നത്.

ഉൽപ്പാദനം, പായ്ക്കിങ്ങ്‌ എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ  പൂർത്തീകരിച്ചു.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും തിങ്കൾ പകൽ രണ്ടിന്‌ തൃശൂർ സിവിൽ ലൈൻ വെഡ്ഡിങ്ങ് വില്ലേജിൽ തദ്ദേശമന്ത്രി എം ബി രാജേഷ് നിർവഹിക്കും. 

2017-–-18 സാമ്പത്തിക വർഷമാണ് കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമായത്‌. ഇതിന്റെ ഭാഗമായാണ്‌ ഈ ഓണത്തിന് മുന്നോടിയായി "ഫ്രഷ് ബൈറ്റ്സ്' വിപണിയിലെത്തിക്കുന്നത്. വനിതാ സംരംഭകർക്ക് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദഗ്ധ പരിശീലനം നേടിയ സംരംഭകർ തയ്യാറാക്കുന്ന ചിപ്സും ശർക്കരവരട്ടിയുമാണ് പുറത്തിറങ്ങുന്നത്.

ഉൽപ്പന്നങ്ങളുടെ വില നിശ്ചയിച്ച് വിപണിയിലെത്തിക്കുന്നത് അതത് ക്ലസ്റ്ററുകൾ വഴിയായിരിക്കും. വിതരണക്കാരെയും കണ്ടെത്തും. ഇതോടൊപ്പം കുടുംബശ്രീ ഹോംഷോപ്പ്, സ്ഥിര വിപണന കേന്ദ്രങ്ങൾ, ഓണം, റംസാൻ, വിഷു എന്നിങ്ങനെ വിശേഷാവസരങ്ങളിൽ സംഘടിപ്പിക്കുന്ന വ്യാപാരമേളകളിലും ഉൽപ്പന്നമെത്തിക്കും. ഓണം സീസണോടനുബന്ധിച്ച് ഉൽപ്പന്നം പൊതുവിപണിയിലെത്തിക്കുന്നതു വഴി കൂടുതൽ വ്യാപാര സാധ്യതകൾ  തുറന്ന് കിട്ടുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Home