കുടുംബശ്രീ കെ ലിഫ്‌റ്റ്‌: ഓണത്തിനുണ്ണാം "ഫ്രഷ്‌ബൈറ്റ്‌സ്‌ '

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 09:09 AM | 0 min read

തൃശൂർ > ഓണം ഇങ്ങെത്തി, ഇലയിട്ട്‌ സദ്യയുണ്ണുമ്പോൾ എണ്ണിയാൽ തീരാത്ത തൊടുകറികൾ വേണം. ഒപ്പം ഒട്ടും പകിട്ട്‌ കുറയാതെ കായ ഉപ്പേരിയും ശർക്കര ഉപ്പേരിയും സ്ഥാനം പിടിക്കണം. ഇത്തവണ സദ്യയിൽ ഉപ്പേരിക്ക്‌ ഇരട്ടിരുചി പകരാൻ "ഫ്രഷ്‌ബൈറ്റ്‌സ്‌' ഇടം പിടിക്കാനൊരുങ്ങുകയാണ്‌. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ചിപ്‌സും ശർക്കര വരട്ടിയും   കെ ലിഫ്‌റ്റ്‌ പദ്ധതി വഴി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്‌ കുടുംബശ്രീ മിഷൻ.  

ഏകീകൃത രീതിയിൽ മികച്ച പാക്കിങ്ങിലും ഗുണമേന്മയിലും കുടുംബശ്രീ "ഫ്രഷ്ബൈറ്റ്സ്' എന്ന പേരിലാണ്‌ "കുടുംബശ്രീ ബ്രാൻഡിൽ ' വിപണിയിൽ എത്തിക്കുന്നത്‌. കുടുംബശ്രീയെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനും കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നതിനുമാണ്‌ കുടുംബശ്രീ ലൈവ്‌ലിഹുഡ്  ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്‌ഫോർമേഷൻ (കെ-ലിഫ്റ്റ്) പദ്ധതി വിഭാവനം ചെയ്‌തത്‌. സംസ്ഥാനത്തെ എല്ലാ സംരംഭങ്ങളേയും കൂട്ടിയോജിപ്പിച്ച് ഫ്രഷ്‌ബൈറ്റ്‌സിനായി ജില്ലാ തലത്തിൽ ക്ലസ്‌റ്റർ രൂപീകരിച്ചിരുന്നു.   എല്ലാ ജില്ലകളിലെയും മികച്ച ചിപ്‌സ്‌, ശർക്കരവരട്ടി ഉൽപ്പാദന യൂണിറ്റുകളെ കണ്ടെത്തി രണ്ട് ഘട്ടങ്ങളിലായി കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകി. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളിൽനിന്നായി എഴുന്നൂറോളം കുടുംബശ്രീ അംഗങ്ങളാണ്‌ സംരംഭത്തിനായി പ്രവർത്തിക്കുന്നത്‌. പരിശീലനം ലഭിച്ച സംരംഭങ്ങൾ ഓണം വിപണി മുന്നിൽ കണ്ട് ഉൽപ്പാദനത്തിന് പൂർണമായും സജ്ജമായി. 100 ഗ്രാമിന്‌ 40 രൂപയും 250 ഗ്രാമിന്‌ 100 രൂപയും എന്നിങ്ങനെയാണ്‌ വില.
 
കെലിഫ്‌റ്റ്‌ പദ്ധതിയിലൂടെ അംഗങ്ങൾക്ക്‌ മികച്ച വരുമാനം ഉറപ്പാക്കുകയാണ്‌ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌. 2024–- 25 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ തൊഴിൽ സംരംഭങ്ങൾ മുഴുവനായും സംസ്ഥാനത്ത്‌ വ്യാപിപ്പിക്കും. കുടുംബശ്രീ അംഗങ്ങൾ, ഓക്‌സിലറി അംഗങ്ങൾ, പാലിയേറ്റീവ്‌ ഗുണഭോക്താക്കൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  

സംസ്ഥാനതല ഉദ്‌ഘാടനം നാളെ

തൃശൂർ > കുടുംബശ്രീ "ഫ്രഷ്‌ബൈറ്റ്‌സ്‌' പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച‌  നടക്കും. പകൽ രണ്ടിന്‌ തൃശൂർ പുഴയ്‌ക്കൽ വെഡ്ഡിങ്‌ വില്ലേജിൽ മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുമെന്ന്‌  സംഘാടകർ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ രാജൻ അധ്യക്ഷനാകും. കുടുംബശ്രീ അസി. കോ–-ഓർഡിനേറ്റർമാരായ കെ രാധാകൃഷ്‌ണൻ, എസ്‌ സി നിർമൽ എന്നിവരും  സിജു കുമാർ, സ്‌മിത സത്യദേവി, ശോഭു നാരായണൻ എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home