നികുതിവെട്ടിച്ച്‌ ഡീസൽ കച്ചവടം; വിൽപ്പനയില്ലാതെ അടച്ചുപൂട്ടിയത്‌ മത്സ്യഫെഡിന്റെ 2 ബങ്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 02:47 AM | 0 min read

കൊല്ലം > മംഗളൂരുവിൽനിന്ന്‌ നികുതിവെട്ടിച്ച്‌ മറൈൻ കൺസ്യൂമർ പമ്പുകളിലേക്ക്‌ ഡീസൽ എത്തുന്നതിനാൽ വിൽപ്പനയില്ലാതെ അടച്ചുപൂട്ടിയത്‌ മത്സ്യഫെഡിന്റെ രണ്ടു ബങ്ക്‌. എറണാകുളം മുനമ്പം, തൃശൂർ അഴീക്കോട്‌ പമ്പുകളാണ്‌ വിൽപ്പന കുറഞ്ഞതിനെ തുടർന്ന്‌ പൂട്ടേണ്ടിവന്നത്‌. കൺസ്യൂമർ പമ്പുകളിൽ നികുതിവെട്ടിച്ച്‌ എത്തിക്കുന്ന ഡീസൽ ലിറ്ററിന്‌ ഒരുരൂപ കുറച്ചാണ്‌ വിൽപ്പന. ബോട്ടുകൾക്ക്‌ ഡീസൽ കടം നൽകുന്നതിനാൽ അളവിലും  കുറവ്‌ വരുത്തിയാണ്‌ കച്ചവടം. ഈ പമ്പുകളിൽനിന്ന്‌ ഡീസൽ വാങ്ങാൻ ബോട്ടുടമകളുടെ ‘ഏജന്റുമാർ’ മത്സ്യത്തൊഴിലാളികളെ നിർബന്ധിക്കുന്നതിനാൽ മീൻപിടിത്തബോട്ടുകൾ മത്സ്യഫെഡ്‌ പമ്പുകളെ ഒഴിവാക്കുന്നതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. 

മുനമ്പത്തെ പമ്പ്‌ പ്രവർത്തനം തുടങ്ങിയത്‌ 2016ലാണ്‌. 2020ൽ 106.05 കിലോ ലിറ്റർ വിൽപ്പന ഉണ്ടായിരുന്ന ഇവിടെ 2021ൽ 20.093 കിലോ ലിറ്ററായി വിൽപ്പന കുത്തനെ ഇടിഞ്ഞു. 2022ൽ 34.40 കിലോ ലിറ്റർ ഡീസൽ വിറ്റെങ്കിലും കഴിഞ്ഞവർഷം 0.06 കിലോ ലിറ്ററായി ചുരുങ്ങിയതോടെ അടച്ചുപൂട്ടേണ്ട സ്ഥിതിയായി. 2021ൽ 34.43 കിലോ ലിറ്റർ ഡീസൽ വിറ്റ അഴീക്കോട്‌ പമ്പിൽ കഴിഞ്ഞവർഷം 28.82 ആയി. തുടർന്ന്‌ മത്സ്യഫെഡ്‌ ലിറ്ററിന്‌ ഒരുരൂപ കുറച്ച്‌ നൽകി. എന്നിട്ടും കൺസ്യൂമർ പമ്പുകളെ ഉപേക്ഷിക്കാൻ ബോട്ടുകാർ തയ്യാറായില്ല.
സ്വന്തം ആവശ്യത്തിനെന്ന വ്യാജേന കർണാടകയിൽനിന്ന്‌ കുറഞ്ഞവിലയ്‌ക്ക്‌ വാങ്ങുന്ന ഡീസൽ ബില്ലില്ലാതെ മീൻപിടിത്തബോട്ടുകൾക്ക്‌ വിറ്റ്‌ ലക്ഷങ്ങളുടെ വരുമാനമാണ്‌ ബോട്ടുടമകൾ നേടുന്നത്‌. ഇത്തരം വിൽപ്പനയിൽ സർക്കാരിന്‌ കോടികളുടെ നികുതി നഷ്ടവും.

 



deshabhimani section

Related News

View More
0 comments
Sort by

Home