വയനാട് ഉരുൾപൊട്ടൽ: താൽക്കാലിക പുനരധിവാസം പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 07:18 PM | 0 min read

മേപ്പാടി > മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം റെക്കോർഡ് വേഗത്തിൽപൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ കൂടി മേപ്പാടിയിലെ  വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങൾക്കും താമസിക്കാനിടമായി.

സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മാറിതാമസിച്ചത്. ഇവരുടെ താമസ സ്ഥലങ്ങളിൽ 'ബാക്ക് ടു ഹോം കിറ്റുകളും' ജില്ലാ ഭരണകൂടം എത്തിച്ചു വരികയാണ്. ഫർണിച്ചർ കിറ്റ്, ഷെൽട്ടർ കിറ്റ്, കിച്ചൺ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്സണൽ ഹൈജീൻ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയുൾപ്പെടെയാണ് ബാക്ക് ടു ഹോം കിറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ട് പേർക്ക് പ്രതിമാസം 18,000 രൂപ  ധനസഹായം നൽകും.  ഇതുകൂടാതെ സർക്കാർ പ്രഖ്യാപിച്ച 6000 രൂപ മാസ വാടകയും നൽകും.

താൽക്കാലികമായി പുനരധിവസിപ്പിച്ചർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ  അടിയന്തരമായി പരിഹരിക്കും. അന്തിമ പുനരധിവാസം സർവതല സ്പർശിയായ രീതിയിലാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ജനങ്ങൾ പങ്ക് വെച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് രൂപം നൽകുക.

ചൂരൽമല, മുണ്ടക്കൈ ഉരുൾപെട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന മേപ്പാടി ഹയർ സെക്കന്ററി സ്‌കൂളിൽ ആഗസ്റ്റ് 27 മുതൽ അധ്യയനം തുടങ്ങും. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ജൂലൈ 30 മുതൽ നൂറ് കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. താൽകാലിക പുനരധിവാസത്തിന്റ ഭാഗമായി മുഴുവൻ കുടുംബങ്ങളേയും മാറ്റി പാർച്ചിച്ചതിനെത്തുടർന്നാണ് സ്‌കൂളുകളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങുന്നത്.



deshabhimani section

Related News

0 comments
Sort by

Home