ബസ് മുത്തച്ഛൻ റീലോഡഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 10:01 AM | 0 min read

ശാന്തൻപാറ > ‘വയസാനാലും ഉൻ സ്‌റ്റൈലും അഴകും ഉന്നവിട്ട്‌ പോകലെ’, പടയപ്പയിലെ ഈ സൂപ്പർ ഡയലോഗ്‌ രാജകുമാരി എംജിഎം ഐടിഐയുടെ ഗ്യാരേജിൽ കിടക്കുന്ന പഴയ കൊമ്പനെ കാണുന്നവരെല്ലാം പറഞ്ഞുപോകും. ആയകാലത്ത്‌ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നിരത്തുകളിൽ പടക്കുതിരപോലെ പാഞ്ഞ ഈ ബസ്‌ മുത്തച്ഛൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്‌. ഇടയ്‌ക്കുണ്ടായിരുന്ന ‘ശാരീരിക അവശതകളൊ’ക്കെ ഐടിഐയിലെ ഓട്ടോ മൊബൈൽ വിദ്യാർഥികൾ ‘ചികിത്സിച്ച്‌ ഭേദമാക്കി’. ആറുമാസത്തോളമെടുത്തു ഒന്ന്‌ ഉഷാറായിവരാൻ.

ടാറ്റ മെഴ്‌സിഡസ് ബെൻസിന്റെ വാഹനം 1962ൽ തിരുവനന്തപുരത്തെ നിരത്തുകളിലാണ്‌ സർവീസ്‌ നടത്തി തുടങ്ങിയത്‌. 1965ൽ കെഎസ്‌ആർടിസിയിലേക്ക്‌. കെഎൽഎക്‌സ്‌ 604 നമ്പറിൽ കേരളത്തിലുടനീളം സർവീസ്‌ നടത്തി. 1978ല്‍ രാജകുമാരി എംജിഎം ഐടിഐ സ്വന്തമാക്കുകയായിരുന്നു.

ഏറെ നാളായി ശ്രദ്ധിക്കാതെ കിടന്നു. വിദ്യാർഥികളുടെ ആഗ്രഹപ്രകാരം ബസ്‌ നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐടിഐ മാനേജിങ് ഡയറക്ടർ ഫാദർ എൽദോസ് പുളിക്കകുന്നേലും പ്രിൻസിപ്പൽ ബ്ലെസി ജോണിയും എല്ലാ പിന്തുണയും നൽകി. നവീകരണത്തിനായി ഒരു ലക്ഷം രൂപ ചെലവായെന്ന്‌ അധികൃതർ പറയുന്നു. നിരവധി ആളുകളാണ് ബസ് മുത്തച്ഛനെ കാണാനും ചിത്രങ്ങളെടുക്കാനുമെത്തുന്നത്‌. റീൽസ്‌ വീഡിയോയിൽ പകർത്തുന്നവരുമുണ്ട്‌. ബസ്‌ മുത്തച്ഛന്റെ പുതിയ വരവിൽ വിദ്യാർഥികളും ഉത്സവാഘോഷത്തിമിർപ്പിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home