യാത്രക്കാർ കൂടുമ്പോൾ 
റെയിൽവേയുടെ ‘ആർഎസി കൊള്ള’ ; ബംഗളൂരുവിലേക്ക്‌ എസി ട്രെയിൻ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 12:33 AM | 0 min read


തിരുവനന്തപുരം
തിരക്ക്‌ കൂടുന്നതനുസരിച്ച്‌ റെയിൽവേയുടെ ടിക്കറ്റ്‌ കൊള്ളയും. നാലുമാസം മുമ്പേ  ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിട്ടും നൽകുന്നത്‌ ആർഎസി ടിക്കറ്റ്‌. ദീർഘദൂര യാത്രക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്‌ചെയ്യുന്നവരെ പിഴിയുന്ന റെയിൽവേ ഇത്തരത്തിൽ കോടികളാണ്‌ കൊയ്യുന്നത്‌. ചെന്നെയിൽ കേന്ദ്രസർക്കാർ ജീവനക്കാരനായ എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ; തിരുവനന്തപുരം - –-ചെന്നൈ മെയിലിൽ(12624) ആഗസ്ത്‌ 18ന്‌ യാത്ര ചെയ്യാൻ ഏപ്രിൽ 20ന്  അങ്കമാലിയിൽനിന്ന്‌ ചെന്നൈവരെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നു. ഐആർസിടിസി വഴിയായിരുന്നു ബുക്കിങ്‌. 120 ദിവസംമുമ്പ്‌ ടിക്കറ്റ്‌ എടുക്കുമ്പോൾ ബുക്കിങ് സ്റ്റാറ്റസ് ആർഎസി -10. ചാർട്ട്  തയ്യാറാക്കുന്ന സമയത്ത് സ്റ്റാറ്റസ് ആർഎസി ഒമ്പത്‌. ആഗസ്ത്‌ 18ന്‌ ട്രെയിനിൽ കയറുമ്പോൾ ടിടിഇയ്‌ക്കുചുറ്റും ആർഎസിക്കാർ. എല്ലാവർക്കും സെക്കൻഡ്‌ സിറ്റിങ്‌ അനുവദിച്ച്‌ സ്ലീപ്പർ ചാർജും ഈടാക്കുന്നു. 

അധിക കോച്ചുകൾ ഇടാതെ ടിക്കറ്റുകൾ ആർഎസി  ക്വാട്ടയിൽ അനുവദിച്ച്‌ കൂടുതൽ തുക ഈടാക്കുകയാണ്‌ റെയിൽവേ. ആർഎസി ക്വാട്ട ആയാൽ ചാർട്ട് തയ്യാറാക്കുമ്പോൾ കൺഫേം ആയില്ലെങ്കിലും ടിക്കറ്റ് റദ്ദാകില്ല. ജനറൽ കോച്ചിന്റെ സൗകര്യത്തിൽ സ്ലീപ്പർ ചാർജ് ഈടാക്കുകയാണ്‌ റെയിൽവേ. സീറ്റ്‌ ലഭ്യതയുടെ നാലിരട്ടി വെയ്‌റ്റിങ്‌ ടിക്കറ്റ്‌ അനുവദിച്ച്‌ അതിലും സർവീസ്‌ ചാർജിന്റെ പേരിൽ കൊള്ള നടത്തുന്നു.

ബംഗളൂരുവിലേക്ക്‌ എസി ട്രെയിൻ മാത്രം
ഓണക്കാലത്ത്‌ ബംഗളൂരുവിലേക്ക്‌ പ്രഖ്യാപിച്ചത്‌ എസി ട്രെയിനുകൾ മാത്രം. യാത്രക്കാരുടെ തിരക്ക്‌ കുടുതലുള്ള സമയത്തും മറ്റ്‌ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ല. എസ്‌എംവിടി ബംഗളൂരു –-കൊച്ചുവേളി എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06239)  22, 25, 27,29, സെപ്‌തംബർ 1, 3, 5,8,10, 12, 15, 17 തീയതികളിൽ സർവീസ്‌ നടത്തും. ബംഗളൂരുവിൽനിന്ന്‌ രാത്രി ഒമ്പതിന്‌ പുറപ്പെടും. പിറ്റേന്ന്‌ പകൽ 2.15ന്‌ കൊച്ചുവേളിയിലെത്തും. കൊച്ചുവേളി–-എസ്‌എംവിടി സ്പെഷ്യൽ (06240) 21, 23, 26, 28, 30, സെപ്തംബർ 2, 4, 6, 9. 11, 13, 16, 18 തീയതികളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ അഞ്ചിന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടും. രാവിലെ 10.30ന്‌ ബംഗളൂരുവിൽ എത്തും.16 ഇക്കണോമി എസി കോച്ചുകളാണ്‌ ഉള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home