'ആർദ്ര’മാം സ്നേഹാക്ഷരങ്ങളിൽ ഇവർ പഠിക്കും ; മുണ്ടക്കൈയ്‌ക്കും വെള്ളാർമലയ്‌ക്കും മാറാടിന്റെ അക്ഷരസ്‌പർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 12:45 AM | 0 min read

മേപ്പാടി  
കോഴിക്കോട്ടെ കുട്ടികൾ എഴുതിയ നോട്ടുപുസ്തകങ്ങൾ വായിച്ചാണ്‌ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിദ്യാർഥികളുടെ ഇനിയുള്ള പഠിത്തം.  ജീവിതം ഇരുളിലാഴ്‌ത്തിയ ഉരുളിൽ പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമെല്ലാം  നഷ്‌ടപ്പെട്ടു.  ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടെങ്കിലും  മലവെള്ളത്തിൽ കുതിർന്നൊലിച്ച പാഠപുസ്തകങ്ങൾ എങ്ങനെ തിരികെ കിട്ടുമെന്ന ചിന്തയിലായിരുന്നു വിദ്യാർഥികൾ.  പുതിയ പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ്‌  എത്തിച്ചു. അപ്പോഴും എഴുതിയ നോട്ടുബുക്കുകളെങ്ങനെ കിട്ടുമെന്ന ആശങ്കയിലായിരുന്നു.  ഇത്‌ തിരിച്ചറിഞ്ഞാണ്‌ മാറാട്‌ ജിനരാജദാസ് എഎൽപി സ്‌കൂൾ വിദ്യാർഥികൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും കൂട്ടുകാർക്കായി പാഠഭാഗങ്ങൾ പകർത്തിയെഴുതിയത്‌.  ഇംഗ്ലീഷ്‌, മലയാളം, പരിസരപഠനം, ഗണിതം, അറബിക്‌ വിഷയങ്ങളിലായി നോട്ടുകൾ  തയ്യാറാക്കി.

മുണ്ടക്കൈ ഗവ. എൽപി സ്കൂളിലെയും  വെള്ളാർമല എൽപി സ്കൂളിലെയും 138 വിദ്യാർഥികൾക്കുള്ള നോട്ടുപുസ്തകമാണ്‌ തയ്യാറാക്കിയത്‌. ഓണപ്പരീക്ഷ വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു.  സ്വാതന്ത്ര്യദിനത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ  മുണ്ടക്കൈ സ്കൂൾ പ്രധാനാധ്യാപിക മേഴ്സി തോമസ്, വെള്ളാർമല സ്കൂളിലെ  എസ്‌ ആർ ജെന്നിഫർ  എന്നിവർ പുസ്തകം ഏറ്റുവാങ്ങി. 

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്‌ക്കും വെള്ളാർമലയ്‌ക്കും മാറാടിന്റെ അക്ഷരസ്‌പർശം എന്ന ആശയവുമായി ‘ആർദ്രം’ എന്ന പേരിലായിരുന്നു ഈ മാതൃകാ പ്രവർത്തനം. മാറാട്‌  ജിനരാജദാസ് എഎൽപി സ്‌കൂൾ പ്രധാനാധ്യാപകൻ ഇ എം പുഷ്പരാജൻ, പി സി ചിഞ്ചു, എൻ വി ഷിൽജമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുസ്തക കൈമാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Home