വനംവകുപ്പിലെ സ്ഥലംമാറ്റം ; വ്യാജവാർത്തകളിലെ 
ഒടുവിലത്തെ ഉദാഹരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 11:59 PM | 0 min read


തിരുവനന്തപുരം
വ്യാജവാർത്തകൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ്‌ വനംവകുപ്പിലെ സ്ഥലംമാറ്റത്തിൽ സിപിഐ എം ഇടപെട്ടുവെന്ന വാർത്തയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തയിൽ പറയുന്ന കാര്യങ്ങൾ ഭാവനാ സൃഷ്ടിയാണ്‌. അക്കാര്യത്തിൽ സിപിഐ എമ്മിന്‌ പങ്കില്ല. വഴിവിട്ട കാര്യങ്ങളുണ്ടായിട്ടുമില്ല. ഇത്തരം കാര്യങ്ങൾ വരുമ്പോൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഐഎഎസ്, ഐഫ്എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ പരിഗണിച്ചാണ് നടപ്പാക്കുന്നത്‌.  ഈ ബോർഡിൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ഓൾ ഇന്ത്യ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അംഗങ്ങളുമാണ്. ഐഎഫ്എസിന്റെ കാര്യത്തിൽ വനം വകുപ്പ് മേധാവിയും ഈ കമ്മറ്റിയിലുൾപ്പെടും.
വനംവകുപ്പിലെ സ്ഥലംമാറ്റ നിർദേശത്തിൽ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയ്ക്കു പുറമേ ഭരണപരമായ കാര്യങ്ങളും, തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ സ്ഥലം മാറ്റിയവരെ തിരികെ നിയമിക്കുന്നതും കണക്കിലെടുത്ത് ചില ഭേദഗതികൾ മന്ത്രി നിർദേശിച്ചിരുന്നു. സിവിൽ സർവീസ്‌ ബോർഡിന്റെ ശുപാർശയിൽ ഭേദഗതി വരുത്തേണ്ടതായതിനാൽ ചീഫ് സെക്രട്ടറി കൂടി കണ്ട് സ്ഥലംമാറ്റം സംബന്ധിച്ച ഫയൽ സമർപ്പിക്കാനാണ്‌ നിർദേശിച്ചിട്ടുള്ളത്‌.

ഭേദഗതി നിർദ്ദേശങ്ങൾ സിവിൽ സർവീസ് ബോർഡിന്റെ പരിഗണന കഴിഞ്ഞ് തീരുമാനിക്കുന്നതാകും ഉചിതമെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇത് അംഗീകരിക്കുകയാണ് ചെയ്തത്. തീർത്തും ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home