അർജുനായി തിരച്ചിൽ തുടരുന്നു ; കയറും ട്രക്കിന്റെ ഭാഗവും കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 05:41 PM | 0 min read


അങ്കോള
മണ്ണിടിഞ്ഞ്‌ ഷിരൂർ ഗംഗാവലി പുഴയിൽ കാണാതായ കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ തുടരുന്നു. അർജുൻ ഓടിച്ച  ട്രക്കിലുണ്ടായിരുന്ന മരത്തടിയുടെ ലോഡ്‌ കെട്ടിയതെന്ന്‌ കരുതുന്ന കയറിന്റെ നാലു കഷണവും ഗിയർ ബോക്‌സിന്റെ പൽചക്രവും പുഴയിൽനിന്ന് നാവികസേന  കണ്ടെടുത്തു.
ചൊവ്വാഴ്‌ച കണ്ടെടുത്ത ട്രക്കിന്റെ ഹൈഡ്രോളിക്ക്‌ ജാക്കുണ്ടായിരുന്ന പോയന്റ്‌ ഒന്നിന്‌ പരിസരത്തുനിന്നാണ്‌ കൂടുതൽ വസ്‌തുക്കൾ കിട്ടിയത്‌. പോയന്റ്‌ രണ്ടിന്‌ സമീപം കണ്ടെടുത്ത ലോഹ പാളിയും സ്‌പ്രിങ്ങും അർജുൻ ഓടിച്ച ട്രക്കിന്റേതല്ലെന്ന്‌ ട്രക്ക്‌ ഉടമ മനാഫ്‌ പറഞ്ഞു. പൽചക്രം ഭാരത്‌ ബെൻസിന്റേതാണോ എന്നറിയാൻ കമ്പനിക്ക്‌ അയച്ചുകൊടുക്കും.

ബുധൻ രാവിലെ എട്ടരയോടെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം പുഴയ്ക്കരികിൽ എത്തിയെങ്കിലും ജില്ലാ അധികൃതർ അനുമതി നൽകാത്തതിനാൽ ഇറങ്ങാൻ വൈകി. നേവി, എൻഡിആർഎഫ്‌, എസ്‌ഡിആർഎഫ്‌ സംഘവും പിന്നാലെ പുഴയിലിറങ്ങി. വൈകിട്ട്‌ ആറോടെ തിരച്ചിൽ അവസാനിപ്പിച്ചു.

അടിത്തട്ടിൽ ചെളിയും കടപുഴകിയ മരങ്ങളുമുള്ളതിനാൽ, ഇനി മുങ്ങിത്തപ്പൽ പ്രയാസമാണ്‌. അർജുന്റെ ട്രക്ക്‌, കയർ കണ്ട ഭാഗത്ത്‌ ചളിയിൽ പൂണ്ട നിലയിലാകുമെന്ന്‌ 11 തവണ മുങ്ങിയ ഈശ്വർ മൽപെ പറഞ്ഞു. ഗോവയിൽനിന്ന്‌ കൂറ്റൻ ഡ്രഡ്‌ജർ എത്തിച്ച്‌ തിങ്കളാഴ്‌ചയോടെ മണ്ണ്‌ നീക്കി കൂടുതൽ പരിശോധന നടത്താമെന്ന്‌ ഷിരൂരിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

സ്വാതന്ത്ര്യദിനമായതിനാൽ വ്യാഴാഴ്‌ച തിരച്ചിലില്ല. വെള്ളിയോടെ തുടരുമെന്ന്‌  കർണാടക ഫിഷറീസ്‌ മന്ത്രി മംഗളാ വൈദ്യ പറഞ്ഞു. കാർവാർ എംഎൽഎ സതീഷ്‌ ചന്ദ്ര സെയിൽ, എ കെ എം അഷ്‌റഫ്‌ എംഎൽഎ എന്നിവരും സ്ഥലത്തുണ്ടായി.

കൂറ്റൻ ഡ്രഡ്‌ജർ; എത്തിക്കാൻ 
25 ലക്ഷം ചെലവ്‌
ഷിരൂരിൽ മണ്ണിടിച്ചിലിൽ ട്രക്ക്‌ ഡ്രൈവർ അർജുനെയും രണ്ടു കർണാടകക്കാരെയും കണ്ടെത്താനായി കൂറ്റൻ ഡ്രഡ്‌ജർ തെരച്ചിൽ സ്ഥലത്ത്‌ എത്തിക്കാൻ അധികൃതർ തീരുമാനിച്ചത്‌ മൂവരെയും കാണാതായി ഒരു മാസം കഴിഞ്ഞപ്പോൾ. ഗോവയിൽ നിന്നും പുഴയിലൂടെയാണ്‌ കൂറ്റൻ ഡ്രഡ്‌ജർ എത്തുക. 10 ദിവസമാണ്‌ ഗോവ തുറമുഖ അധികൃതർ സമയം ചോദിച്ചത്‌. എന്നാൽ തിങ്കളാഴ്‌ച എത്തുമെന്നാണ്‌ അറിയുന്നതെന്ന്‌ എ കെ എം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. എത്തിക്കാൻ മാത്രം 25 ലക്ഷം രൂപയാണ്‌ ചെലവ്‌. കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ മൂന്നാഴ്‌ച മുമ്പുനടന്ന യോഗത്തിൽ ഗോവ ഡ്രഡ്‌ജറും പൊൺടൂൺ പാലവും എത്തിക്കാൻ

ആവശ്യമെങ്കിൽ ഡ്രഡ്‌ജർ ഷിരൂരിൽ 
എത്തിക്കും: മന്ത്രി പ്രസാദ്‌
മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലി നദിയിൽ ഡ്രഡ്‌ജർ ഉപയോഗിച്ച്‌ പരിശോധന നടത്തുന്നതിന്‌ തടസ്സമില്ലെന്ന്‌ മന്ത്രി പി പ്രസാദ്‌. മണ്ണിടിഞ്ഞ്‌ കഴിഞ്ഞമാസം 16 ന്‌ ആണ്‌ കോഴിക്കോട്‌ സ്വദേശി അർജുനെ ലോറിയോടൊപ്പം കാണാതായത്‌. കാർഷിക സർവകലാശാലയുടെ പക്കലുള്ള ഡ്രഡ്‌ജർ നദിയിലെ ആഴം, ഒഴുക്ക്‌ എന്നിവ പരിഗണിച്ച്‌ അനുയോജ്യമല്ലെന്ന്‌ നേരത്തേ ഉത്തര കന്നട കലക്ടർ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അന്ന്‌ ഡ്രഡ്‌ജർ അയക്കാതിരുന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തിൽ അനുയോജ്യമെങ്കിൽ  സർക്കാർ ചെലവിൽ ഡ്രഡ്‌ജർ ഷിരൂരിൽ എത്തിക്കാൻ തൃശൂർ കലക്ടർക്ക്‌ നിർദേശം നൽകിയതായും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകി. കേരള സർക്കാർ ഡ്രഡ്‌ജർ നൽകുന്നില്ലെന്ന കാർവാർ എംഎൽഎയുടെ ആരോപണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home