ദുരന്തബാധിതര്‍ക്ക് സഹായവുമായി ധാരാളം കുട്ടികള്‍ മുന്നോട്ടുവന്നു: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 01:40 PM | 0 min read

തിരുവനന്തപുരം> മലപ്പുറം പെരിന്തല്‍മണ്ണയിലെ പത്ത് വയസുള്ള സിയാ സഹ്‌റ,  രക്ഷിതാക്കളായ മുഹമ്മദ് നിസാര്‍, ജസീല എന്നിവര്‍ക്കൊപ്പമെത്തി തന്റെ സ്വര്‍ണ്ണ പാദസരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി മുഖ്യമന്ത്രി. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടിയാണ്. ഇവിടെ ആര്‍ സി സിയിലാണ് കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭിക്കുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് മരുന്ന് ലഭ്യമാകാത്ത സഹചര്യം ഉണ്ടായി. തുടര്‍ന്ന് ഇവിടെ ബന്ധപ്പെട്ട്  വേഗത്തില്‍ തന്നെ മരുന്ന് ലഭ്യമാക്കിയത് രക്ഷിതാകള്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

ദുരന്തബാധിതര്‍ക്ക് സഹായവുമായി ധാരാളം  കുട്ടികളാണ് മുന്നോട്ട് വരുന്നത്. പിറന്നാള്‍ ദിവസം വസ്ത്രം വാങ്ങാന്‍, സൈക്കിള്‍ വാങ്ങാന്‍,ചെറിയ ആഭരണങ്ങള്‍ വാങ്ങാന്‍ സ്വരൂപിച്ച തുകകളും സമ്മാനമായി ലഭിച്ച തുകകളും കുടുക്കയിലെ സമ്പാദ്യവും ദുരിതബാധിതര്‍ക്കായി കൈമാറിയവരുണ്ട്. അത്തരത്തിലൊന്നാണ് മലപ്പുറം തിരൂരിലെ വെട്ടം എ എച്ച് എം എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാരുണ്യ കുടുക്കയിലൂടെ സമാഹരിച്ച മുക്കാല്‍ ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

 കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം അവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വിദ്യാലയത്തില്‍ കാരുണ്യ കുടുക്ക എന്ന ആശയം നടപ്പാക്കുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി പ്രത്യേകം കാരുണ്യ കുടുക്കളുണ്ട്. താല്‍പര്യമുള്ള തുക ഇതില്‍ നിക്ഷേപിക്കാം. കഴിഞ്ഞ മഹാപ്രളയത്തിലും കോവിഡിലും ഇതേ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ സംഭാവന നല്‍കിയിരുന്നു.

ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെ ലഭിച്ച സംഭാവനകള്‍ പ്രത്യേകം വാര്‍ത്താക്കുറിപ്പായി ഇന്നലെ തന്നെ നല്‍കിയിരുന്നു. ഇന്ന് രാവില 11 മണിവരെ ആകെ നൂറ്റി നാല്‍പ്പത്തി രണ്ട് കോടി ഇരുപത് ലക്ഷത്തി അറുപത്തിഅയ്യായിരത്തി മുന്നൂറ്റി ഇരുപത്തി ഒന്‍പത് (142,20,65,329) രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നല്ലരീതിയിലാണ് പൊതുവെ നാടും മാധ്യമങ്ങളും പ്രതികരിച്ചത്. ആദ്യഘട്ടത്തിലുണ്ടായ കുപ്രചരണങ്ങള്‍ക്ക് ദൂരീകരിക്കാനും യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയാക്കാനും മാധ്യമ ഇടപെടല്‍ ഉണ്ടായി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിലും നിരവധി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും മാതൃകയായി. ഇന്ന് കാസര്‍കോട് പ്രസ് ക്ലബ് 2,30,000 രൂപ സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
.




 



deshabhimani section

Related News

View More
0 comments
Sort by

Home