ദുരന്തഭൂമിയിലെ വായ്‌പകൾ എഴുതിത്തള്ളി ; ആശ്വാസവുമായി കേരള ബാങ്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 03:56 PM | 0 min read

തിരുവനന്തപുരം
മുണ്ടക്കെെ ഉരുൾപൊട്ടലിൽ സർവം നഷ്ടമായ ജനതയുടെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ദുരന്തഭൂമിയായ ചൂരൽമല ശാഖയിലെ വായ്‌പകൾ എഴുതിത്തള്ളാനാണ് ബാങ്ക്‌ ഭരണസമിതി തീരുമാനിച്ചത്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിനും ഈട്‌ നൽകിയ വീടും വസ്‌തുവും നഷ്ടപ്പെട്ടവർക്കുമാണ് സഹായം ലഭിക്കുക. 

ദുരന്തം നടന്നതിന്റെ അടുത്ത ദിവസംമുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വായ്പ പിരിക്കാനിറങ്ങിയിടത്താണ് കേരള ബാങ്ക്‌ വ്യത്യസ്‌തമാകുന്നത്. എത്ര കള്ളക്കഥകൾ മെനഞ്ഞ് തകർക്കാൻ ശ്രമിച്ചാലും സാധാരണക്കാരന് ആശ്രയമായി ഈ സഹകരണസ്ഥാപനം എന്നും ഉണ്ടാകുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു.

 സഹകരണവകുപ്പിൽനിന്ന്‌ ദുരന്തബാധിതർക്ക്‌ നൽകാവുന്ന ഏറ്റവും വലിയ ആശ്വാസമാണ്‌ കേരള ബാങ്കിലൂടെ നടപ്പാക്കുന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ദുരിതബാധിതർക്ക്‌ കൈത്താങ്ങേകുന്നതിനും വയനാടിനെ പുനഃസൃഷ്ടിക്കുന്നതിനും എല്ലാ പിന്തുണയും സഹകരണമേഖല നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനെ പുനഃസൃഷ്ടിക്കാൻ ബാങ്കിന്റെ പരിധിയിൽനിന്ന്‌ ചെയ്യാൻ കഴിയുന്നതെല്ലാം  ചെയ്യുമെന്ന് കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

സഹകരണ മേഖല നൽകിയത്‌ 
ഏഴുകോടിയിലേറെ രൂപ
വയനാടിന്‌ കൈത്താങ്ങേകുന്നതിന്‌ സംസ്ഥാന സഹകരണ മേഖല ഇതുവരെ നൽകിയത്‌ ഏഴുകോടിയിലേറെ രൂപ. കേരള കോ–-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ഒന്നാംഘട്ടമായി രണ്ടുകോടി, കൺസ്യൂമർഫെഡ്‌ ഒരുകോടി, വിവിധ സഹകരണസംഘങ്ങൾ ചേർന്ന്‌ 2.21 കോടി, കേരളബാങ്ക്‌ 50 ലക്ഷം എന്നിങ്ങനെയാണ്‌ നിലവിൽ നൽകിയ സഹായം.  സഹകരണ മന്ത്രി വി എൻ വാസവൻ തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ പത്തുദിവസത്തെ വേതനവും നൽകും. മുണ്ടക്കൈയിൽ  ബെയ്‌ലി പാലം നിർമിക്കുന്നതിന് സൈന്യത്തിന് എല്ലാ സഹായങ്ങളും ചെയ്‌തത്‌ ഊരാളുങ്കൽ സൊസൈറ്റിയാണ്. വിദഗ്‌ധരായ തൊഴിലാളികളും എൻജിനിയർമാരും ഉൾപ്പെടെ 80 പേരും മൂന്ന് മണ്ണുമാന്തിയന്ത്രവും വാഹനങ്ങളും ദുരന്തമേഖലയിൽ തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home