മനുഷ്യക്കടത്ത്‌ ; കൂടുതൽ മലയാളികൾ ലാവോസിൽ അകപ്പെട്ടതായി സൂചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 12:37 AM | 0 min read



മട്ടാഞ്ചേരി
ഓൺലൈൻ തട്ടിപ്പിനായി ലാവോസിൽ എത്തിച്ചവരിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടതായി സൂചന. നൂറോളംപേർ അവിടെ കുടുങ്ങിക്കിടക്കുന്നതായി ലാവോസിൽനിന്ന്‌ രക്ഷപ്പെട്ട്‌ എത്തിയവർ പൊലീസിന്‌ മൊഴിനൽകിയിരുന്നു. യിങ് ലോങ്‌ കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ജോലി വാഗ്ദാനംചെയ്താണ് പനമ്പിള്ളിനഗർ സ്വദേശി ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ ലാവോസിലേക്ക് കൊണ്ടുപോയത്. ഇവരിൽനിന്ന്‌ വിശദമൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അന്വേഷകസംഘം. തുടർന്ന്‌ കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും.

അറസ്‌റ്റിലായ പള്ളുരുത്തി സ്വദേശി ബാദുഷയെ (34) അടുത്തദിവസം കസ്‌റ്റഡിയിൽ വാങ്ങും. കേസിൽ രണ്ട്‌ മലയാളികളും ഉത്തരേന്ത്യൻ, തമിഴ്നാട് സ്വദേശികളും പ്രതികളാകുമെന്ന്‌ സൂചനയുണ്ട്‌. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാദുഷയെയും ഒന്നാംപ്രതി പള്ളുരുത്തി തങ്ങൾനഗർ സ്വദേശി അഫ്സർ അഷറഫിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും. 

പൊലീസ് പ്രതിചേർത്ത ലാവോസിലെ ചൈനീസ് പൗരന്മാരായ സോങ്, ബോണി എന്നിവരെ പിടികൂടുന്നതിന് കേന്ദ്രസഹായം തേടിയേക്കും. പ്രതികളെ കൈമാറുന്നതിനുള്ള കരാർപ്രകാരം ഇവരെ കേരളത്തിലേക്ക് എത്തിക്കാനാണ് നീക്കം.

ഏപ്രിൽ നാലിനാണ് ഷുഹൈബ് ഹസനും സുഹൃത്തുക്കളും ലാവോസിലേക്ക് പോയത്. അവിടെ എത്തിയശേഷമാണ്‌ ഓൺലൈൻ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധപ്രവൃത്തികൾക്കായാണ് എത്തിച്ചതെന്ന് ഇവർക്ക്‌ മനസ്സിലായത്‌. ജോലിചെയ്തില്ലെങ്കിൽ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചിരുന്നു. ഇന്ത്യൻ എംബസിയിൽ അറിയിച്ചതിനെത്തുടർന്ന് ഇവരെ ഈ മാസം മൂന്നിനാണ്‌ തിരിച്ചെത്തിച്ചത്‌.

അമ്പതിനായിരം രൂപവീതം വാങ്ങിയാണ് തട്ടിപ്പുസംഘം ഇവരെ ലാവോസിലേക്ക് അയച്ചത്. അവിടെ എത്തിച്ചശേഷം ഓരോരുത്തർക്കും നാലുലക്ഷം രൂപവീതം വാങ്ങി യിങ് ലോങ്‌ എന്ന കമ്പനിക്ക് വിൽക്കുകയായിരുന്നുവെന്നാണ് പരാതി. മട്ടാഞ്ചേരി എസിപി കെ ആർ മനോജ്, തോപ്പുംപടി സിഐ ടി സി സഞ്ജീവ്, എസ്ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Home