ദുരന്തഭൂമിയിലും പ്രകമ്പനം; തിരച്ചിൽ നിർത്തിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 12:58 PM | 0 min read

മേപ്പാടി > വയനാട് ഉരുൾപൊട്ടൽ മേഖലയിലും ഭൂമികുലുക്കത്തിനു സമാനമായ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഇന്ന് രാവിലെ മുതൽ ദുരന്തബാധിത മേഖലയിൽ ജനകീയ തിരച്ചിൽ നടക്കുകയായിരുന്നു. പു‍ഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും രക്ഷാ​ദൗത്യത്തിന്റെ ഭാ​​ഗമായ ഉദ്യോ​ഗസ്ഥർ ഒരു മിനിറ്റിനിടെ രണ്ട് തവണ സ്ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായും അറിയിച്ചു. ഇതിനെ തുടർന്ന് മേഖലയിൽ തിരച്ചിൽ നിർത്തിവച്ചു. സ്ഥലത്തുണ്ടായിരുന്നു മുഴുവൻ പേരോടും പ്രദേശത്തു നിന്നും മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  

വയനാട് എടയ്ക്കൽ മലയുടെ സമീപത്തു നിന്ന് അസാധാരണശബ്ദം കേട്ടു എന്നാണ് തുടക്കത്തിൽ ലഭിച്ച വിവരം. പലഭാ​ഗത്തു നിന്നായി ശബ്ദവും പ്രകമ്പനവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്,  നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ  സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിളിൽ എല്ലാം രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. പ്രകമ്പനത്തിന്റെ ഉറവിടം വ്യക്തമല്ല. ഉ​ഗ്രശബ്ദം ഭൂചനം ആണോ എന്ന് പറയാറായിട്ടില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home