സിനിമയാകും സിദ്ദിഖിന്റെ കൈയൊപ്പുള്ള ആ തിരക്കഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 01:09 AM | 0 min read

കൊച്ചി
അഭ്രപാളിയിലെ പതിവു സിദ്ദിഖ്‌ മാജിക് പോലെ ആ സിനിമയും സംഭവിക്കുമായിരുന്നു. റാംജി റാവു സ്‌പീക്കിങ്ങും ഗോഡ്‌ഫാദറുമൊക്കെ ചിരിമഴ തീർത്ത തിയറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന ഒരു മുഴുനീള കോമഡി ചിത്രം. കഥയും തിരക്കഥയുമൊരുക്കാതെ ആദ്യമായി  സംവിധായക വേഷത്തിലേക്ക്‌ മാത്രമൊതുങ്ങി സിദ്ദിഖ്‌, തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ നായികാനായകർ. ‘ആറാം ഇന്ദ്രിയം’ എന്ന്‌ സിദ്ദിഖ്‌ പേരിട്ട ആ സിനിമയുടെ കഥയും തിരക്കഥയുമൊരുക്കിയത്‌ യുവ എഴുത്തുകാരിയും സിനിമാപ്രവർത്തകയുമായ അല്ലി കെ പാഷയാണ്‌. സിദ്ദിഖിന്റെ അകാലവിയോഗംമൂലം സിനിമയാകാതെ പോയ തിരക്കഥ അഭ്രപാളിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എളമക്കര സ്വദേശി അല്ലി കെ പാഷ.

‘മെൻ ഇൻ വൈറ്റ്‌’ എന്ന പേരിൽ താനെഴുതിയ കഥയ്‌ക്കാണ്‌ സിദ്ദിഖിന്റെ നിർദേശപ്രകാരം തിരക്കഥയും സംഭാഷണവുമൊരുക്കിയതെന്ന്‌  അല്ലി പറഞ്ഞു. സിനിമയിലോ സാഹിത്യത്തിലോ മുൻപരിചയമില്ലായിരുന്നു. കഥയെഴുതിയശേഷം സിദ്ദിഖിനെ കണ്ടു. 2017ലാണത്‌. കഥ അദ്ദേഹത്തിന്‌ ഇഷ്‌ടമായി. തിരക്കഥയും സംഭാഷണവും എഴുതിക്കൂടേ എന്ന്‌ ചോദിച്ചു. എഴുത്തിന്‌ സഹായകമായ നിർദേശങ്ങൾ തന്നു. അതനുസരിച്ച്‌ എഴുതി നൽകി. ഓരോ വാക്കും വരിയും അദ്ദേഹം സൂക്ഷ്‌മമായി പരിശോധിച്ച്‌ പരിഷ്‌കരിച്ചു. എഴുത്തെല്ലാം പൂർത്തിയായപ്പോഴാണ്‌ ‘ആറാം ഇന്ദ്രിയം’ എന്ന പേര്‌ അദ്ദേഹം നിർദേശിച്ചത്‌. നിർമാതാവിനെ കണ്ടെത്തിയതും താരങ്ങളുടെ ഡേറ്റ്‌ സംഘടിപ്പിച്ചതും അദ്ദേഹം തന്നെ. 

ചിത്രീകരണത്തിന്റെ തയ്യാറെടുപ്പുകൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കങ്കണയും മാധവനും പ്രധാനവേഷത്തിലെത്തുന്ന ഒരു തമിഴ്‌സിനിമയുടെ എഴുത്തുപണികൾക്കായി ചെന്നൈയിലായിരിക്കെയാണ്‌  മരണവാർത്തയറിഞ്ഞത്‌. അദ്ദേഹത്തിന്റെ കൈയൊപ്പുള്ള തിരക്കഥ സിനിമയാക്കാൻ പിന്നീട്‌ പലരും സമീപിച്ചിരുന്നു. അദ്ദേഹം ആഗ്രഹിച്ച രീതിയിൽ ആ സിനിമ സ്വയം  സംവിധാനം ചെയ്യണമെന്നാണ്‌ ആഗ്രഹമെന്നും അല്ലി പറഞ്ഞു.
റിട്ട. ജസ്‌റ്റിസ്‌ കെമാൽ പാഷയുടെ മകളാണ്‌ അല്ലി കെ പാഷ.  2020ൽ പുറത്തിറങ്ങിയ ‘ബിഗ്‌ ബ്രദർ’ ആണ്‌ സിദ്ദിഖ്‌ സംവിധാനം ചെയ്‌ത അവസാന ചിത്രം. അതിന്റെ നിർമാണ പങ്കാളിയുമായിരുന്നു. ബോക്‌സോഫീസിലുണ്ടായ നഷ്‌ടം അടുത്ത സിനിമയിലൂടെ മറികടക്കാനും അതുവഴി ശക്തമായ തിരിച്ചുവരവിനും സിദ്ദിഖ്‌ ആഗ്രഹിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home