333 പേർകൂടി പൊലീസിന്റെ ഭാഗമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 12:48 AM | 0 min read

തിരുവനന്തപുരം
പരിശീലനം പൂർത്തിയാക്കിയ 333 പേർ പൊലീസ്‌ സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂർക്കട എസ്‌എപി ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. എസ്‌എപി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 179 പേരും കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ 154 പേരുമാണ് പാസിങ്‌ ഔട്ട് പരേഡിൽ അണിനിരന്നത്‌. തിരുവനന്തപുരം പനവൂർ സ്വദേശി എസ് അക്ഷയ് ആണ്‌ പരേഡ് കമാൻഡർ. മുല്ലൂർ സ്വദേശി എൽ ആർ രാഹുൽ കൃഷ്ണൻ സെക്കൻഡ് ഇൻ കമാൻഡറായി.|

 എസ്‌എപിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോർ കേഡറ്റായി എം ആനന്ദ് ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. എസ് സാജിർ ആണ് മികച്ച ഷൂട്ടർ. വി കെ വിജേഷാണ്‌ ഓൾ റൗണ്ടർ.  കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ ഏറ്റവും മികച്ച ഇൻഡോർ കേഡറ്റ് എം എം വിഷ്ണുവാണ്.

എൽ ആർ രാഹുൽ കൃഷ്ണൻ മികച്ച ഔട്ട്ഡോർ കേഡറ്റും ഡോൺ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദാണ് ഓൾ റൗണ്ടർ. എസ്‌എപി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ബിടെക് ബിരുദധാരികളായ 29 പേരും എംടെക്കുള്ള ഒരാളുമുണ്ട്‌. 105 പേർക്ക് ബിരുദവും 13 പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്.

കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ 11 പേർ എൻജിനിയറിങ്‌ ബിരുദധാരികളാണ്. ഡിഗ്രി യോഗ്യതയുള്ള 85 പേരും എംഎസ്ഡബ്ല്യുവും എംബിഎയും ഉൾപ്പെടെയുള്ള 24 പേരും ഈ ബാച്ചിലുണ്ട്‌. സംസ്ഥാന പൊലീസ്‌ മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മുതിർന്ന പൊലീസ് ഓഫീസർമാർ എന്നിവർ പരേഡിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home