കെ ഫോൺ പഠിക്കാൻ 
തെലങ്കാനയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 11:08 PM | 0 min read

തിരുവനന്തപുരം
കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിനെക്കുറിച്ച്‌ പഠിക്കാൻ തെലങ്കാന സർക്കാർ സംഘമെത്തി. തെലങ്കാന ഫൈബർ ഗ്രിഡ്‌ കോർപറേഷൻ (ടി ഫൈബർ) എംഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേരളത്തിലെത്തിയത്‌. കെ ഫോൺ വഴി കണക്‌ഷൻ നൽകിയ സർക്കാർ ഓഫീസുകളും ബിപിഎൽ വീടുകളും സംഘം സന്ദർശിച്ചു. തിരുവനന്തപുരം പരുത്തിപ്പാറയിലെയും കഴക്കൂട്ടത്തെയും പോയിന്റ്‌ ഓഫ്‌ പ്രസന്റ്‌സുകൾ (പിഒപി), കെ ഫോൺ കണ്‌കഷൻ നൽകിയ മണ്ണന്തല ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലും എത്തി.

കെ ഫോൺ എംഡി ഡോ. സന്തോഷ്‌ ബാബുവുമായി ചർച്ച നടത്തിയ സംഘം ഇതിന്റെ വാണിജ്യ സാധ്യതകൾ ചോദിച്ചറിഞ്ഞു. പദ്ധതിയുടെ മികച്ച വരുമാന മാതൃക മനസിലാക്കി. സംസ്ഥാനത്തെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേരളം കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.

നിലവിൽ മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകളിലും അയ്യായിരത്തിലധികം ബിപിഎൽ കുടുംബങ്ങളിലും ഇതുവരെ കണക്‌ഷൻ നൽകി. ഇരുപതിനായിരത്തോളം വാണിജ്യ കണക്‌ഷനും നൽകിയിട്ടുണ്ട്‌. കെ ഫോണിനെക്കുറിച്ച്‌ പഠിക്കാൻ തമിഴ്‌നാട്‌ സർക്കാരും നേരത്തെ കേരളത്തിലെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home