വയനാട് ദുരന്തം; ഈ വേദനയ്ക്കെന്ത് പേരിടണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 12:27 AM | 0 min read

ചൂരൽമല >  മുണ്ടക്കൈയിലും ചൂരൽമലയിലും 29ന്‌ അർധരാത്രിയോളം അവർക്കൊക്കെ ഓരോ പേരുണ്ടായിരുന്നു. ആ രാത്രിയിൽ ജീവനൊപ്പം അവരുടെ പേരുകളും ഉരുളെടുത്തു. ഏഴാം ദിനത്തിൽ പുത്തുമല ഹാരിസൺസ്‌ പ്ലാന്റേഷൻസ്‌ ലിമിറ്റഡിന്റെ ഭൂമിയിൽ നിരനിരയായി ഉയർന്ന  കരിങ്കൽക്കാലുകളിൽ അവരിങ്ങനെ അടയാളപ്പെട്ടു. C 1, C2, C 3... മുണ്ടക്കൈ ദുരന്തം ബാക്കിവച്ച തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കും കുഴിമാടങ്ങൾക്കും നൽകിയ പുതിയ മേൽവിലാസം. ഇംഗ്ലീഷ്‌ അക്ഷരം മൃതദേഹം ലഭിച്ച സ്ഥലത്തെ സൂചിപ്പിക്കുന്നു. C 51–- ചൂരൽമലയിൽനിന്ന്‌ കണ്ടെടുത്ത 51–-ാമത്തെ മൃതദേഹം എന്ന്‌ നിർവചനം. N എന്നാൽ നിലമ്പൂരിൽനിന്ന്‌ കിട്ടിയത്‌.    

ഒരു ഇംഗ്ലീഷ്‌ അക്ഷരമാലയിലും രണ്ടോ മൂന്നോ അക്കങ്ങളിലുമായി ആരെന്നും എന്തെന്നുമറിയാതെ മണ്ണിലൊടുങ്ങുമ്പോൾ അവരറിയുന്നില്ല കേരളമാകെയാണ്‌ അവർക്കുവേണ്ടി കണ്ണീരൊഴുക്കുന്നതെന്ന്‌. ഞായറാഴ്‌ച എട്ടും തിങ്കളാഴ്‌ച ൨൯ഉം മൃതദേഹവും 154 ശരീരഭാഗവുമാണ് പുത്തുമലയിൽ സംസ്‌കരിച്ചത്‌. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരങ്ങൾക്കൊപ്പം ഈ നമ്പറുള്ള ടാഗും കുപ്പിയിലാക്കി മണ്ണിട്ട്‌ മൂടും. ഹാരിസൺസ്‌ പ്ലാന്റേഷൻസ്‌ ലിമിറ്റഡ്‌ വിട്ടുനൽകിയ 64 സെന്റിലാണ്‌ സംസ്‌കാരം. കുഴിമാടങ്ങൾ ഇതിലും ഒതുങ്ങാത്തതിനാൽ 50 സെന്റുകൂടി ഏറ്റെടുക്കും. സംസ്‌കാരഭൂമി ദുരന്തസ്‌മാരകമായി സംരക്ഷിക്കും.  തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആവശ്യമെങ്കിൽ വീണ്ടും പുറത്തെടുക്കേണ്ടത്‌ പരിഗണിച്ചാണ്‌ ദഹിപ്പിക്കാതെ മണ്ണിലടക്കുന്നത്‌. എല്ലാത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്‌.  തിരിച്ചറിയൽ പരിശോധനയ്‌ക്ക്‌ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home