ഇനിയില്ല, മുണ്ടക്കൈ പിഒ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 10:30 PM | 0 min read

ചൂരൽമല > മുണ്ടക്കൈ പി ഒ, പിൻകോഡ്‌–- 673577. ഈ വിലാസത്തിൽ വരുന്ന കത്തുകൾ സ്വീകരിക്കാൻ ഇനി ആരുണ്ടാവും ഇവിടെ?  മലയിടുക്കുകൾ താണ്ടി മുണ്ടക്കൈയിലേക്കെത്തിയ കത്തുകളോ പെൻഷനോ വന്നിരുന്ന വിലാസങ്ങളാണ്‌ പുഞ്ചിരിമട്ടം പൊട്ടിയൊഴുകിയപ്പോൾ ശേഷിപ്പുപോലുമില്ലാതെ മൺമറഞ്ഞത്‌. നാലുപതിറ്റാണ്ടായുള്ള മുണ്ടക്കൈ പോസ്റ്റ്‌ ഓഫീസിൽ മൂന്നൂറിലേറെ കുടുംബങ്ങളായിരുന്നു വിലാസക്കാർ. അവശേഷിക്കുന്ന ജനത ഈ വിലാസത്തിനൊപ്പം ഇനിയുണ്ടാകുമോ എന്നുമറിയില്ല. ദേശമെടുക്കുംമുമ്പ്‌ അവരുടെ വിലാസമാണ്‌ ജലക്കലിയിൽ നനഞ്ഞ്‌ കുതിർന്നത്‌.

‘‘ഇനി ആർക്കാണ്‌ തപാൽ നൽകേണ്ടത്‌, തേടാൻ വിലാസക്കാരുമില്ലല്ലോ, പിന്നെയെന്തിനാണ്‌ പോസ്‌റ്റ്‌ ഓഫീസ്‌’–- 33 വർഷമായി മുണ്ടക്കൈ പോസ്റ്റ്‌മാനായ പി ടി വേലായുധൻ പറഞ്ഞു. പോസ്റ്റ്‌മാസ്റ്റർ അബ്ദുൾ മജീദിന്‌ തപാലാപ്പീസ്‌ ഓഫീസായിരുന്നില്ല, വീടായിരുന്നു. വീടിനോട്‌ ചേർന്നുള്ള മുൻഭാഗത്തെ മുറിയായിരുന്നു നാടിന്റെ മേൽവിലാസം. മജീദിനും വേലായുധനും കുടുംബാംഗങ്ങളുടെ ജീവൻമാത്രം തിരിച്ചുകിട്ടി. മറ്റെല്ലാം മൺകൂനകളായി. ഉരുൾപൊട്ടുന്നതിന്റെ മണിക്കൂറുകൾക്കുമുമ്പ്‌ മജീദ്‌ കുടുംബസമേതംമാറി. ചൂരൽമലയിൽനിന്ന്‌ വേലായുധന്റെയും കുടുംബത്തിന്റെയും രക്ഷപ്പെടൽ അവിശ്വസനീയമായിരുന്നു. വീട്ടിൽ വെള്ളം നിറയുമെന്നായപ്പോൾ സ്റ്റെയർകേസ്‌ വഴി ടെറസിലെത്തി. അവിടെനിന്ന്‌ അയൽവീടിന്റെ മതിലിലേക്ക്‌ ഇട്ട പലകവഴി പുറത്തെത്തി മുകളിലേക്ക്‌ നീങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ വീട്‌ തകർന്നുവീണ്‌ താഴേക്കൊഴുകി.

മേപ്പാടി സബ്‌ ഡിവിഷനുകീഴിൽ 1986ലാണ്‌ മുണ്ടക്കൈയിൽ പോസ്റ്റ്‌ ഓഫീസ്‌ തുടങ്ങിയത്‌. തൊഴിലാളികൾക്കുള്ള കത്തുകൾ വന്നിരുന്നത്‌ മാറി ജനവാസം കൂടിയതോടെ പ്രധാന സർക്കാർ ഓഫീസായി. സെന്റിനൽ റോക്ക്‌ എസ്റ്റേറ്റ്‌ മുതൽ പുഞ്ചിരിമട്ടംവരെയായിരുന്നു പരിധി. പുതിയകാലത്ത്‌ കത്തിൽ കുറവുണ്ടായെങ്കിലും നാടിന്റെ ഓരോ  മിടിപ്പും തേയിലക്കാടിന്‌ നടുവിലുള്ള ഈ പോസ്റ്റ്‌ ഓഫീസിനെയും ടൗണിനെയും ചുറ്റിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home