നിക്ഷേപത്തട്ടിപ്പ്‌: പ്രവാസി വ്യവസായി അറസ്‌റ്റിൽ; കോൺഗ്രസ്‌ നേതാവ്‌ ഉടൻ അറസ്‌റ്റിലാവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 10:04 PM | 0 min read

തൃശൂർ> നിക്ഷേപങ്ങൾ സ്വീകരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രവാസി വ്യവസായി ശോഭാ സിറ്റി ടോപ്പാസ്‌ ഫ്ലാറ്റിൽ മുത്തേടത്ത്‌ അടിയാട്ട്‌ വീട്ടിൽ  സുന്ദർ മേനോൻ(63) അറസ്റ്റിൽ. കേസിൽ കമ്പനി ഡയറക്ടറും   കോൺഗ്രസ് നേതാവുമായ സി എസ്‌ ശ്രീനിവാസൻ  ഉൾപ്പടെ മറ്റു ഡയറക്ടർമാരും ഉടൻ അറസ്‌റ്റിലാവുമെന്ന്‌ പൊലീസ്‌ അറിയിച്ചു. തൃശൂർ ഹീവാൻ ഫിനാൻസ്‌, ഹീവാൻ നിധി എന്നീ സ്ഥാപനങ്ങളുടെ പേരിൽ കോടിക്കണക്കിന്‌ രൂപ നിക്ഷേപം  സ്വീകരിച്ച്‌ തിരിച്ചു നൽകുന്നില്ലെന്ന  പരാതിയിലാണ്‌ അറസ്‌റ്റ്‌. സുന്ദർമേനോനെ ഞായറാഴ്ച രാവിലെയാണ്   ജില്ലാ  ക്രൈംബ്രാഞ്ച്  എസിപി കെ സുഷീർ അറസ്‌റ്റ്‌ ചെയ്‌തത്‌.  തൃശൂർ ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു. 

ബഡ്സ് ആക്ട് പ്രകാരം സ്ഥാപനത്തിന്റെയും ഡയറക്ടർമാരുടെയും സ്വത്ത്‌  ജപ്തി ചെയ്യാനും നടപടിയായി. സ്ഥാപനത്തിന്റെ  ചെയർമാനായ സുന്ദർ മേനോൻ  തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ കൂടിയാണ്‌.  സി എസ് ശ്രീനിവാസൻ ഡിസിസി സെക്രട്ടറിയാണ്‌. തൃശൂർ കോർപറേഷൻ കൗൺസിലറായിരുന്നു. ഇരുവരുടെയും രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു.  അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്നായിരുന്നു വാഗ്‌ദാനം.  എന്നാൽ പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല. 18 കേസുകളിലായി 7. 78 കോടിയോളം രൂപ തിരിച്ചുകൊടുക്കാനുണ്ടെന്നാണ്‌  പരാതി. കൂടുതൽ പരാതിക്കാർ രംഗത്ത്‌ വരുന്നതായും പൊലീസ്‌ അറിയിച്ചു.

പൂങ്കുന്നം ചക്കാമുക്കിലുള്ള ഇവരുടെ സ്ഥാപനത്തിനുമുന്നിൽ നിക്ഷേപകർ പ്രതിഷേധം  സംഘടിപ്പിച്ചിരുന്നു. പണം തിരിച്ചു നൽകാമെന്ന്‌ വാക്കുകൊടുത്തുവെങ്കിലും നൽകിയില്ല. തുടർന്നാണ്‌ പൊലീസിനെ സമീപിച്ചത്‌. ഈ കേസിൽ മറ്റൊരു ഡയറക്‌ടറും തൃശുർ വെസ്‌റ്റ്‌ പൊലീസ്‌ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടയാളുമായ പുതൂർക്കര പുത്തൻവീട്ടിൽ ബിജു മണികണ്‌ഠനെ നേരത്തെ അറസ്‌റ്റു ചെയ്‌തിരുന്നു. ഇയാൾ ജയിലിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home