ബെയ്‌ലി പാലം അവസാന ഘട്ടത്തില്‍; 190 അടി നീളം, രക്ഷാ പ്രവര്‍ത്തനം വേഗത്തിലാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 09:30 AM | 0 min read

മുണ്ടക്കൈ(വയനാട്)> ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍.രാത്രി വൈകിയും മുണ്ടക്കൈയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിച്ചിരുന്നു.  24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്.
 
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. . പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്.

പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്‍മിക്കുന്നതെന്നാണ് വിവരം.ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.

മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം ഒലിച്ചുപോയതായിരുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് വേഗം കൈവരും.
വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മിക്കുന്നത്.

 മുമ്പുതന്നെ നിര്‍മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിര്‍മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുന്നതാണ് പാലം പണിയുടെ രീതി.ഇന്ത്യയില്‍ ആദ്യമായി ബെയ്ലിപാലം നിര്‍മിച്ചത് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിര്‍മ്മിച്ചത്.

പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്ലി പാലം നിര്‍മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെക്കടന്നത്.

അതേസമയം,സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം വയനാട് മുണ്ടക്കൈയില്‍ ഇപ്പോഴും തുടരുകയാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home