ഉരുള്‍പൊട്ടലിനെ തടഞ്ഞ വെള്ളാര്‍മല സ്‌കൂള്‍; ചൂരല്‍മല ടൗണ്‍ എന്തുകൊണ്ട് മണ്ണിനടിയിലായില്ല?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 02:21 PM | 0 min read

കല്‍പ്പറ്റ> വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു ചൂരല്‍മലയിലെ ഇരുളില്‍ ഇരച്ചെത്തിയ ആ വലിയ ഉരുള്‍പൊട്ടലിനെതിരായ മതിലായത്. സ്വയം നശിച്ചപ്പോഴും ഒരു നാടിനെ പൂര്‍ണമായി ഭൂമുഖത്ത് നിന്നും തുടച്ചുനിക്കുന്നതിന് തടസമായി നിന്ന വിദ്യാലയം.

ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍  ചൂരല്‍മല ടൗണ്‍ ഭൂമിയില്‍നിന്നാ രാത്രി തന്നെ അപ്രത്യക്ഷമായേനെ. വയനാട് ജില്ലാ പഞ്ചായത്ത് 2021-23 വര്‍ഷത്തില്‍ നിര്‍മിച്ചതാണ് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിടെ  ഇരുനിലക്കെട്ടിടം. ഈ കെട്ടിടത്തിന്റെ മുന്നിലൂടെ ഒഴുകിച്ചെന്ന കൂറ്റന്‍ പാറകളും മരങ്ങളും മണ്ണും കൂടിച്ചേര്‍ന്നാണ് പാടികളും വീടുകളും തകര്‍ത്തെറിഞ്ഞ് ദുരന്തം ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. എന്നാല്‍,സ്‌കൂള്‍ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങള്‍ അവിടെനിന്നു നീങ്ങിയിട്ടില്ല.


 ഒട്ടേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അവയില്‍ കഴിച്ചുകൂട്ടിയ മനുഷ്യര്‍ക്കും സംരക്ഷണം നല്‍കുകയായിരുന്നു ഈ സ്‌കൂള്‍ കെട്ടിടം. മണിക്കൂറുകള്‍ നീണ്ട ദുരന്തം അവസാനിച്ചപ്പോഴും സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നില്ല

പുഴ വഴിമാറിയപ്പോള്‍ ഒഴുകിയെത്തിയ കൂറ്റന്‍ കരിങ്കല്ലുകളാണ് സ്‌കൂള്‍ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുന്നത്. പരന്നൊഴുകുന്ന പുഴയാവട്ടെ അതിശക്തമായ നിലയിലും. അവിടെയുണ്ടായിരുന്ന പാലവും ക്ഷേത്രവും അടയാളങ്ങളൊന്നും അവശേഷിപ്പിച്ചിട്ടില്ല.

 മുണ്ടക്കൈ ദുരന്തത്തിന് മുന്നേയുള്ള നാടിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയിലെ ആഘോഷപരിപാടികളോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോ ആണിത്.കേവലം ഒരു ദുരന്ത സ്മാരകമായി ഇനി ഒരു പക്ഷെ  ആ സ്‌കൂള്‍ കെട്ടിടം നിലകൊണ്ടേക്കാം.എങ്കിലും അതിനപ്പുറം കുറെ മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ ആ വിദ്യാലയത്തിനായി എന്നതാകാം എക്കാലവും ആ സ്‌കൂളിനെ ഓര്‍മകളില്‍ നിലനിര്‍ത്തുക
 



deshabhimani section

Related News

View More
0 comments
Sort by

Home