അതിതീവ്ര മഴ തുടരും; 
5 ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ , 12 ഡാമുകളിൽ 
റെഡ്‌ അലർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 01:58 AM | 0 min read


തിരുവനന്തപുരം
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. ബുധൻ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാഴം കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു. ബുധൻ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും വ്യാഴം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകും. വടക്കൻ കേരളതീരംമുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദപാത്തിയും പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ്‌ കനത്ത മഴയ്‌ക്കു കാരണം.

കേരളം, -കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത്‌ ഉയർന്ന തിരമാലയ്‌ക്കും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരും അപകടസാധ്യത മുൻകൂട്ടിക്കണ്ട് മാറി താമസിക്കണം. മലയോര മേഖലയിലേക്ക്‌ രാത്രിസഞ്ചാരം പൂർണമായും ഒഴിവാക്കണം.

നദികളിൽ 
ജലനിരപ്പ് ഉയരുന്നു
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജലകമീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം കാളിയാർ, തൃശൂർ കീച്ചേരി, പാലക്കാട് പുലംതോട്, കോഴിക്കോട് കുറ്റ്യാടി എന്നിവിടങ്ങളിലാണ്‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.     കരമന, പമ്പ, തൊടുപുഴ,  തൃശൂർ ഗായത്രി  (കൊണ്ടാഴി സ്‌റ്റേഷൻ), ചാലക്കുടി, മലപ്പുറം ചാലിയാർ, കുതിരപ്പുഴ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടുമാണ്‌.

12 ഡാമുകളിൽ 
റെഡ്‌ അലർട്ട്‌
മഴ കനത്തതോടെ സംസ്ഥാനത്തെ മിക്ക ഡാമുകളിലും ജലനിരപ്പ്‌ ഉയർന്നു. പരമാവധി സംഭരണശേഷിയിലെത്തിയ 12 ഡാമുകളിൽ ദുരനന്തനിവാരണ അതോറിറ്റി റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. വൈദ്യുതി വകുപ്പിനുകീഴിലുള്ള പത്തനംതിട്ട മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്‌, കോഴിക്കോട്ടെ കുറ്റ്യാടി, വയനാട്‌ ബാണാസുര സാഗർ, ജലസേചന വകുപ്പിന്‌ കീഴിലുള്ള തൃശൂർ വാഴാനി, പീച്ചി, പാലക്കാട്ടെ മീങ്കര, മംഗലം എന്നിവിടങ്ങളിലുമാണ്‌ റെഡ്‌ അലർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home