ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ; മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 12:02 PM | 0 min read

തിരുവനന്തപുരം> തുടർച്ചയായി കനത്ത മഴ തുടരുന്ന കേരളത്തിൽ പല ജില്ലകളിലും ജനജീവിതം പ്രളയക്കെടുതിയിൽ. വടക്കൻ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ കെടുതികൾ രൂക്ഷമാണ്.

ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലും മഴ തുടരുകയാണ്. ഇതിന് തുടർച്ചയായി എറണാകുളം ജില്ലയിലും ആശങ്ക നില നിൽക്കുന്നു. റെയിൽവേ റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വിമാന ഗതാഗതവും താളം തെറ്റി.

പുലർച്ചെ  വയനാട് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടലിൻ്റെ വ്യാപ്തി ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ശരീരഭാഗങ്ങളും മൃതദേഹങ്ങളും വെള്ളക്കുത്തിൽ ഒഴുകി എത്തുന്ന ദുരന്ത കാഴ്ചയാണ്.

മുണ്ടകൈ, ചുരൽമല, അട്ടമല ഭാ​ഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു കുന്ന് മുഴുവൻ അടർന്ന് ഒഴുകി പോയ സാഹചര്യമാണ്. വിദ്യാലയം ഉൾപ്പെടെ സജീവമായ ജനവാസ കേന്ദ്രം തന്നെയാണ് ഇല്ലാതായിരിക്കുന്നത്.



കോഴിക്കോട് ജില്ലയിൽ വിലങ്ങാട് മലയോരത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. പുലർച്ചെ രണ്ടോടെയാണ് പാനോം, അടിച്ചി പാറ, മഞ്ഞച്ചീളി തുടങ്ങിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായത്. മയ്യഴി പുഴയിൽ കര കവിഞ്ഞ് നിരവധി വീടുകളും വാഹനങ്ങളും  വെള്ളത്തിൽ മുങ്ങുകയും നിരവധി സ്ഥലങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, മുക്കം പ്രദേശത്തുള്ള നിരവധി വീടുകളിലും വെള്ളം കയറി. കൊണ്ടോട്ടി, നിലമ്പൂർ മേഖലകളിൽ വെള്ളം കയറി റോഡ്‌ ഗതാഗതം നിലച്ചു.  മഴ കനത്തതിനെത്തുടർന്ന് ചാലിയാർ കരകവിഞ്ഞൊഴുകുകയാണ്.

 സംസ്ഥാനത്ത് പലയിടത്തും വീടുകളിൽ വെള്ളം കയറിതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചുവരികയാണ്‌.  പാലക്കാട്‌ കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിലുള്ളവർ  ജാഗ്രത പുലർത്തണെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്.

പാലക്കാട് പലയിടത്തും വീടുകളിൽ വെള്ളം കയറി. റോഡ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് കയറാടി വില്ലേജ് മൈലാടും പരിതയില്‍ ഉരുള്‍ പൊട്ടി 12 കുടുംബങ്ങളെ തിരു ഹൃദയ ദൈവാലയ ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.
 
തൃശൂരിലും മഴക്കെടുതി രൂക്ഷമായ സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. മഴയെത്തുടർന്ന്‌ ചാലക്കുടിയിൽ മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം ചെക്ക്പോസ്റ്റിനടുത്ത് തമിഴ്നാട് അതിർത്തിയായ മുക്ക് റോഡിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും ഉൾപ്പെടെ രണ്ടുപേർ മരിച്ചു.  ജില്ലയിൽ റെയിൽവേ ട്രാക്ക്‌, പൊലീസ്‌ സ്റ്റേഷൻ ഉൾപ്പെടെ പല ഇടത്തും വെള്ളം കയറി.  വടക്കാഞ്ചേരി – കുന്നംകുളം റോഡ്‌,  ചേലക്കര പൊലീസ് സ്റ്റേഷൻ  ഉൾപ്പെടെ പല സ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്‌.

വെള്ളം കയറിയ ചേലക്കര പൊലീസ്‌ സ്‌റ്റേഷൻ
എറണാകുളം ജില്ലയിൽ പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിൽ  നിരവധി വീടുകളിൽ വെള്ളം കയറി. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന്‌ പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്‌ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്‌.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞതിനെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെടുകയും കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അടിമാലി മൂന്നാർ റൂട്ടിൽ പള്ളിവാസലിന് സമീപവും ഉരുൾപ്പൊട്ടി.

മഴയെത്തുടർന്ന്‌ സംസ്ഥാനത്തിനകത്ത്‌ പലയിടങ്ങളിലും  ട്രൈയിൻ ഗതാഗതം നിലച്ച സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌.  തൃശൂർ അകമലയിൽ റെയിൽവേ ലൈനിൽ അപ്പ് ആൻഡ് ഡൗൺ ലൈൻ മലയിൽനിന്നും ഉള്ള മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെ ഉള്ള കല്ലും മണ്ണും അടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചു.

തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട്‌ ഭാഗത്ത് നിന്ന് തൃശൂർ, എറണാകുളം ഭാഗത്തേക്കും ഉള്ള ട്രെയിനുകളും  തൃശൂർ- ​ഗുരുവായൂർ ഡെയ്‍ലി ട്രയിനുകളും സർവീസ് നിർത്തി. ജനശദാബ്ദി ഷൊർണൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. പരുശുറാം എക്സ്പ്രസും ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയെ തുടർന്ന്‌  റെഡ് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനത്തതിനാൽ ശിരുവാണി, കക്കയം, ബാണാസുര സാഗർ അണക്കെട്ടുകൾ തുറന്നിരിക്കയാണ്



deshabhimani section

Related News

View More
0 comments
Sort by

Home