അക്വാമാനും ഇറങ്ങി ; ട്രക്കിനടുത്ത്‌ എത്താൻ കഴിഞ്ഞില്ല , ദൗത്യത്തിന്‌ തടസ്സമായി പുഴയിലെ ശക്തമായ ഒഴുക്കും 
പാറക്കല്ലും മണ്ണും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 08:11 PM | 0 min read



അങ്കോള
ഷിരൂർ ഗംഗാവലിപ്പുഴയിൽ അർജുനടക്കം കാണാതായ മൂന്നുപേർക്കായുള്ള തിരച്ചിൽ പന്ത്രണ്ടാം നാളും വിഫലം.  ഉഡുപ്പി മൽപെയിലെ മത്സ്യതൊഴിലാളികൾ ശനിയാഴ്‌ച മുഴുവൻ തിരഞ്ഞെങ്കിലും ട്രക്കിനടുത്തെത്താൻപോലുമായില്ല. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഏഴുതവണ  പുഴയിൽ മണിക്കൂറുകളോളം മുങ്ങിത്തപ്പി. ഈശ്വർ മൽപെ നടത്തിയ മൂന്നാമത്തെ മുങ്ങലിൽ വടം പൊട്ടി.   നൂറുമീറ്റർ അകലെ മൂന്നുമിനിറ്റിന്‌ ശേഷമാണ്‌ മൽപെ പൊങ്ങിയത്‌. വൈകിട്ട്‌ ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ചു. 

കരയിൽനിന്ന്‌ 132 മീറ്റർ അകലെ നാലാമത്തെ പോയിന്റിൽ കാബിൻ മുകളിലോട്ടായി അർജുന്റെ ട്രക്കുണ്ടെന്നാണ്‌ ഐ ബോർഡ്‌ റഡാറിന്റെ കണ്ടെത്തൽ. ചെളിനിറഞ്ഞ പുഴയിൽ ശക്തമായ ഒഴുക്കും പാറക്കല്ലും മണ്ണും മരത്തിന്റെ അവശിഷ്ടങ്ങളുമുള്ളതുമാണ്‌ ദൗത്യത്തിന്‌ തടസ്സം. അർജുൻ പുഴയിലുണ്ടോ എന്നുറപ്പിക്കാനുള്ള ശ്രമമാണ്‌ തുടരുന്നതെന്ന്‌ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു. കാന്തം കയറിൽ കെട്ടി വെള്ളത്തിലിറക്കിയുള്ള പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

തിരച്ചിൽ ഇനിയെങ്ങനെ തുടരണമെന്നത്‌, ഞായറാഴ്‌ച രാവിലെ തീരുമാനിക്കുമെന്ന്‌ കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിൽ പറഞ്ഞു. പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ലെന്നും അതിന്റെ പേരിൽ ആരെയും പ്രതിക്കൂട്ടിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും  മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. റിയർ അഡ്‌മിറൽ ആർ എം രാമകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഉന്നത നേവി ഉദ്യോഗസ്ഥർ, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, എം കെ രാഘവൻ എംപി, എംഎൽഎമാരായ കെ എം സച്ചിൻ ദേവ്‌, ലിന്റോ ജോസഫ്‌, എം വിജിൻ, എം രാജഗോപാലൻ, എ കെ എം അഷ്‌റഫ്‌ എന്നിവരും സ്ഥലത്തെത്തി.

നൂറടി വരെ താഴും അക്വാമാൻ
ഓക്‌സിജനില്ലാതെ മൂന്നുമിനുറ്റോളം വെള്ളത്തിൽ താഴുന്നയാളാണ്‌  ഈശ്വർ മൽപെ. ആയിരത്തോളം പേരെ മൽപെയും സംഘവും ആഴങ്ങളിൽനിന്ന്‌ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്തി. നൂറോളം മൃതദേഹങ്ങളും പുറത്തെടുത്തു. കയറിൽ പിടിച്ച്‌ താഴുന്നതാണ്‌ രീതി. കലക്കവെള്ളത്തിൽ കണ്ണുകാണാത്തതിനാൽ തൊട്ടുനോക്കിയാണ്‌ വസ്‌തുവിന്റെ കിടപ്പ്‌ മനസ്സിലാക്കുന്നതെന്ന്‌ ഈശ്വർ മൽപെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home