അരുണിന്റെ സർളി ഇന്ന്‌ പാരിസിൽനിന്ന്‌ 
കൊച്ചിയിലേക്ക്‌ ഉരുളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 02:48 AM | 0 min read

കൊച്ചി > നാൽപ്പതോളം രാജ്യങ്ങളിലൂടെ രണ്ടുവർഷം നീളുന്ന സൈക്കിൾയാത്ര നടത്താനുള്ള ദൗത്യവുമായി അമ്പലമേട്‌ സ്വദേശി അരുൺ തഥാഗത്‌ ഒളിമ്പിക്‌സ്‌ വേദിയായ പാരിസിലെത്തി. വ്യാഴം വൈകിട്ട്‌ പാരിസിൽ വിമാനമിറങ്ങിയ അരുൺ, തയ്യാറെടുപ്പുകൾക്കുശേഷം ശനിയാഴ്‌ച ഒളിമ്പിക്‌സ്‌ വേദിക്കരികിൽനിന്ന്‌ കൊച്ചിയിലേക്കുള്ള സൈക്കിൾ പര്യടനം തുടങ്ങും.

രണ്ട്‌ പെട്ടികളിലായി പാക്ക്‌ ചെയ്‌ത തന്റെ സർളി ഡിസ്‌ക്‌ ട്രാക്കർ സൈക്കിൾ വിദഗ്‌ധ മെക്കാനിക്കിനെ കണ്ടെത്തി സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന്‌ പാരിസിൽനിന്ന്‌ സമൂഹമാധ്യമത്തിലൂടെ അരുൺ അറിയിച്ചു. ആദ്യമായാണ്‌ വിമാനമാർഗം സൈക്കിൾ കൊണ്ടുപോകുന്നത്‌. വിമാനത്താവളത്തിൽനിന്ന്‌ ശ്രമകരമായാണ്‌ സൈക്കിൾ പാരിസിൽ താൻ തങ്ങുന്ന ഹോസ്റ്റലിൽ എത്തിച്ചത്‌. മോഷ്‌ടാക്കളുടെ കേന്ദ്രമാണെന്ന മുന്നറിയിപ്പ്‌ ലഭിച്ചതിനാൽ സൈക്കിൾ ഹോസ്റ്റലിലെ അടുക്കളയിൽ പൂട്ടിവച്ചിരിക്കുകയാണ്‌. സ്വയം അസംബ്ലി ചെയ്യാൻ അറിയാമെങ്കിലും ഗിയർ സിസ്റ്റം ഉൾപ്പെടുന്നതിനാൽ വിദഗ്‌ധ മെക്കാനിക്കിനെക്കൊണ്ട്‌ ചെയ്യിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പ്രതീക്ഷിച്ചതുപോലെ സ്‌പോൺസർഷിപ് ലഭിക്കാത്തതിനാൽ പണച്ചെലവുകൂടി കണക്കിലെടുത്താണ്‌ കാര്യങ്ങൾ ചെയ്യുന്നത്‌. സൈക്കിൾ സുരക്ഷിതമാക്കിയശേഷം വെള്ളി പകൽ മുഴുവൻ പാരിസ്‌ നഗരം ചുറ്റിക്കണ്ടു. ഒളിമ്പിക്‌സ്‌ ലഹരിയിലായ പാരിസ്‌കാഴ്‌ചകൾ വിവരണാതീതമാണെന്നും അരുൺ പറഞ്ഞു.

എറണാകുളം കലക്ടറേറ്റിൽ സീനിയർ ക്ലർക്ക്‌ ജോലിയിൽനിന്ന്‌ അവധിയെടുത്താണ്‌ അരുൺ സൈക്കിൾ പര്യടനത്തിന്‌ ഇറങ്ങിയിട്ടുള്ളത്‌. ഓരോ മൂന്നുമാസവും ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിൽ രണ്ടുവർഷത്തെ വിസയാണ്‌ യൂറോപ്യൻ യൂണിയൻ നൽകിയത്‌. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ്‌, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും രണ്ടുവർഷത്തെ പര്യടനത്തിൽ പിന്നിടും.



deshabhimani section

Related News

View More
0 comments
Sort by

Home