ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്‌ ; പ്രതിയെ കുരുക്കിയത്‌
പൊലീസിന്റെ ചടുല നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 02:22 AM | 0 min read


തൃശൂർ
ധനകാര്യ സ്ഥാപനത്തിൽനിന്ന്‌ പണം തട്ടി മുങ്ങിയ ധന്യയെ കുരുക്കിയത്‌ പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ. മണപ്പുറം ഫിനാൻസിന്റെ  ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന  കോംപ്ടക് ആൻഡ്‌ കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തട്ടിപ്പ്‌ സംബന്ധിച്ച്‌ പരാതി കിട്ടിയ ഉടൻ ധന്യയുടെ  സ്വദേശമായ കൊല്ലം കേന്ദ്രീകരിച്ച്‌ വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇതോടെ  ഗത്യന്തരമില്ലാതെ ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കമ്പനി മേധാവി സുശീൽ പൂക്കാട്ടിന്റെ  പരാതിയിൽ  കൊല്ലം തിരുമുല്ലവാരത്ത്‌  ബന്ധുക്കളെ പൊലീസ്‌ ചോദ്യം ചെയ്‌ത്‌ ധന്യയുടെ നീക്കങ്ങൾ മനസ്സിലാക്കി.  പൊലീസ്‌ വലവിരിച്ചതോടെ കൊല്ലം ഈസ്‌റ്റ്‌ പൊലീസ്‌ സ്‌റ്റേഷനിലാണ്‌  കീഴടങ്ങിയത്‌. തൃശൂരിൽനിന്നുള്ള സംഘം യുവതിയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യും.  തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഡിവൈഎസ്‌പി  വി കെ രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. 

ഏപ്രിൽ മുതൽ സ്ഥാപനത്തിൽനിന്ന്‌ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്ന്‌ ധന്യ 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ്‌ ആദ്യം കണ്ടെത്തിയത്‌. വിശദമായ പരിശോധനയിൽ 19.94 കോടി തട്ടിയെടുത്തതായി കണ്ടെത്തി.  ബന്ധുക്കളുടെ  വിവിധ അക്കൗണ്ടുകളിലേക്ക് പണം  അയച്ചതായാണ്‌ വിവരം. പിടിയിലാവുമെന്ന് മനസ്സിലാക്കി  ശാരീരിക ബുദ്ധിമുട്ടെന്നു പറഞ്ഞ് ഓഫീസിൽനിന്ന്‌ മുങ്ങുകയായിരുന്നു.  ധന്യ ഒരു വർഷമായി  വലപ്പാട്‌  തിരുപഴഞ്ചേരി  ക്ഷേത്രത്തിനു വടക്കുഭാഗത്ത്‌ പുതിയ വീടുവച്ച്‌ താമസിക്കുകയാണ്‌.

പ​ണം വിനിയോഗിച്ചത്‌
ആഡംബര ജീവിതത്തിന്‌
വെള്ളി വൈകിട്ട്‌ 5.15ന്‌ കൊല്ലം ഈസ്റ്റ് പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ഒരു യുവതി എത്തി. സ്വയം പരിചയപ്പെടുത്തിയപ്പോൾ പൊലീസുകാർ പകച്ചു. പൊലീസ്‌ അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ്‌ കേസിലെ പ്രതിയെന്നായിരുന്നു  വെളിപ്പെടുത്തൽ. അതോടെ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ്‌  യുവതിക്ക്‌  വലയം തീർത്തു. തൃശൂർ വലപ്പാടുള്ള സ്വകാര്യ ധനസ്ഥാപനത്തിൽ നിന്ന്‌  19.94 കോടി രൂപ തട്ടിയെടുത്ത്‌ മുങ്ങിയ ജീവനക്കാരി കൊല്ലം നെല്ലിമുക്ക്‌ എംസിആർഎ 31 പൊന്നമ്മ വിഹാറിൽ ധന്യാ മോഹൻ (40)ആയിരുന്നു ആ യുവതി.

പൊലീസ്‌ പിടികൂടുമെന്ന്‌ ഉറപ്പായതോടെയാണ്‌ പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ചത്‌. ധന്യയുടെ കുടുംബം ഒളിവിലാണ്‌. തട്ടിപ്പിൽ കുടുംബാംഗങ്ങൾക്ക്‌ പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്‌. അച്ഛനമ്മമാരെയും അടുത്ത ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യും. തട്ടിയെടുത്ത ​പ​ണം ആഡംബര ജീവിതത്തിനായാണ്‌ ഉപയോഗിച്ചത്‌. നെല്ലിമുക്കിൽ കുടുംബവീടിനോട്‌ ചേർന്ന്‌ ഇരുനില വീട്‌ നിർമിച്ചു. തൃശൂരിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന വീട്‌ വാങ്ങി. തിരുവനന്തപുരത്തും വീട്‌ വാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home