കണ്ണടച്ചിട്ട്‌ കാര്യമില്ല; മുക്കുപൊത്തിയേ പറ്റൂ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 01:14 AM | 0 min read

 

ലോകത്തിലെതന്നെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളിലൊന്നാണ്‌ ഇന്ത്യൻ റെയിൽവേ. അൽപ്പാൽപ്പമായി ചില മേഖലകൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറിയെങ്കിലും ഇന്നും രാജ്യത്തിന്റെ പൊതുസ്വത്ത്‌. 1,32,310 കിലോമീറ്ററാണ്‌ പാതയുടെ ആകെ നീളം. ഏഴായിരത്തിലേറെ സ്‌റ്റേഷൻ, പതിമൂവായിരത്തിലേറെ ട്രെയിൻ, ദിവസവും കോടിക്കണക്കിനാളുകളുടെ യാത്രയുടെ ആശ്രയം. രാജ്യത്തെ ഏറ്റവും വലിയ മാലിന്യ ഉറവിടവും റെയിൽവേയിലാണ്‌. ഒരുദിവസം 670 ടൺ മാലിന്യം. മാലിന്യം കുന്നുകൂടിയതോടെ ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശപ്രകാരം 2015 മുതൽ 20 വരെയുള്ള കാലയളവിലെ മാലിന്യസംസ്‌കരണത്തിന്റെ വിശദാംശങ്ങൾ എടുത്ത സിഎജി പോലും ഞെട്ടി. പ്ലാസ്‌റ്റിക് മാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ, പേപ്പർ മാലിന്യം, ഇ വേസ്‌റ്റ്‌  അടക്കം റെയിൽവേയിൽ കുമിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല!. 

53 ഡിവിഷനിൽ 43ൽ മാത്രമാണ്‌ ശുചീകരണ സംവിധാനങ്ങളുള്ളത്‌. 13 ഡിവിഷനുകളിൽ അത്‌ പരാജയവും. 11 ഇടത്ത്‌ ഒരുസംവിധാനവുമില്ല. 720 പ്രധാന സ്‌റ്റേഷനുകളിൽ അഞ്ചുശതമാനം വരുന്ന 36 എണ്ണത്തിൽ മാത്രമാണ്‌ മാലിന്യസംസ്‌കരണമുള്ളത്‌. 109 സ്‌റ്റേഷനുകളിലെ പ്രത്യേക പരിശോധനയിൽ 71 എണ്ണത്തിൽ മാലിന്യത്തിന്റെ കണക്കില്ല. 13 സ്‌റ്റേഷനുകളിൽ പേരിനുമാത്രം. മാലിന്യസംസ്‌കരണത്തിനായി 2015 മുതൽ 2020വരെ അനുവദിച്ച 602.82 കോടിയിൽ 279.7 കോടി മാത്രമാണ്‌ ചെലവഴിച്ചത്‌. തിരുവനന്തപുരം സെൻട്രൽ, പാലക്കാട്‌ ഉൾപ്പെടെയുള്ള ജങ്‌ഷനുകളും ഇതിൽപ്പെടും. ഇ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ ഒരുഡിവിഷനിലും ഇല്ല. 1995– 2000ത്തിനുമിടയിൽ ശുചീകരണ സംവിധാനം മുഴുവൻ കരാർവൽക്കരിച്ചതോടെയാണ്‌ റെയിൽവേയിലെ മാലിന്യ നിർമാർജനം പാളിയത്‌.

മാലിന്യം സംസ്‌കരിക്കണത്തിനായി മുറവിളി ഉയരുമ്പോഴും ശുചീകരണത്തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കുകയാണ്‌ അധികൃതർ. വിവിധ സെക്‌ഷനുകൾ, ഡിവിഷനുകൾ കേന്ദ്രീകരിച്ച്‌ ശുചീകരണ കരാർ നൽകിയപ്പോൾ കൂടുതൽ ആളുകളെ ജോലിക്ക്‌ ഏർപ്പെടുത്തുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. നാലുകോടി രൂപയ്‌ക്ക്‌ ഡിവിഷൻ കരാറെടുത്തവർ കോവിഡിനുശേഷം അത്‌ രണ്ടുകോടി രൂപ രേഖപ്പെടുത്തിയവർക്ക്‌ നൽകി. ഇതോടെ ജോലിക്കാരുടെ എണ്ണത്തിൽ കുറവ്‌ വരുത്തി. ഈ കുറവ്‌ പരിഹരിക്കുന്നത്‌ ഷിഫ്‌റ്റ്‌ സമ്പ്രദായത്തിൽ മണിക്കൂറുകൾ കൂട്ടിയാണ്‌. നേരത്തെ ആറു മണിക്കൂർ നാലു ഷിഫ്‌റ്റാണെങ്കിൽ ഇപ്പോൾ അത്‌ എട്ടുമണിക്കൂറിൽ മൂന്നു ഷിഫ്‌റ്റാക്കി. ഓരോ സ്‌റ്റേഷനിലും കരാറെടുത്ത ഏജൻസികളാണ്‌ ജോലിക്കാരെ നിയമിക്കുന്നത്‌. റെയിൽവേയുടെ വിവിധ മേഖലകളിൽനിന്ന്‌ വിരമിക്കുന്നവരെ അടിസ്ഥാനശമ്പളം മാത്രം നൽകി നിയമിക്കുന്ന സമ്പ്രദായവും തുടങ്ങി. ഗവൺമെന്റ്‌ ഇ -മാർക്കറ്റിങ്‌ സംവിധാനമാണ്‌ ഇതിനുപയോഗിക്കുന്നത്‌. ആശുപത്രി ക്ലീനിങ്‌, മാലിന്യസംഭരണം എന്നിവയിലും ഇത്തരം കരാർ തൊഴിലാളികളാണ്‌ കൂടുതൽ.

മാലിന്യം നീക്കാൻ ടെൻഡറെടുക്കുന്ന ഏജൻസികൾ എല്ലാദിവസവും മാലിന്യം നീക്കണമെന്നാണ്‌ വ്യവസ്ഥ. ഇത്‌ പാലിച്ചില്ലെങ്കിൽ ഓരോ ദിവസവും കരാർ തുകയുടെ ഒരുശതമാനം പിഴ ഈടാക്കാം. തുടർച്ചയായി അഞ്ചുദിവസം മാലിന്യം നീക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാം. ഇതിനൊന്നും റെയിൽവേ തയ്യാറല്ല. കാരണം പലയിടങ്ങളിലും അധികൃതരും ഏജൻസികളും ‘ഭായീഭായി’ ആണ്‌.  

(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Home