സത്യസന്ധതയ്‌ക്കുള്ള സമ്മാനം; സഹോദരങ്ങൾക്ക്‌ വീടൊരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 07:43 PM | 0 min read

കൂറ്റനാട് > കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്‌ക്ക്‌ തിരിച്ചുനൽകിയ കുട്ടികൾക്ക്‌ വീടൊരുങ്ങുന്നു. സഹോദരങ്ങളായ അഭിഷേകിനും ശ്രീനന്ദയ്‌ക്കുമാണ്‌ വീടൊരുക്കുന്നത്‌. കുളമുക്ക് ഏഴിക്കോട്ടുപറമ്പിൽ പരേതനായ പ്രസാദിന്റെയും രമ്യയുടെയും മക്കളാണ് ഇരുവരും. ശ്രീനന്ദ പരുതൂർ ഹൈസ്‌കൂളിൽ പത്താം ക്ലാസിലും, അഭിഷേക് പരുതൂർ സിഇയുപി സ്കൂളിൽ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.

കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയെ തിരികെ ഏൽപ്പിച്ച അഭിഷേകിന്റെയും ശ്രീനന്ദയുടെയും സത്യസന്ധതയെക്കുറിച്ചും ജീവിതാവസ്ഥയെക്കുറിച്ചും അവരെ വീട്ടിൽ പോയി കണ്ട് അനുമോദിച്ച മന്ത്രി എംബി രാജേഷ് ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. ഈപോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്‌ മന്ത്രിയുടെ സുഹൃത്തുക്കൾ സഹായവുമായി എത്തിയത്‌. കുട്ടികൾക്ക്‌ വീട്‌ വച്ച്‌ നൽകുന്ന കാര്യം മന്ത്രി ഫെയ്‌സ്‌ബുക്കിലുടെ തന്നെ  അറിയിക്കുകയായിരുന്നു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

ഒരു ഫേസ് ബുക്ക് പോസ്റ്റിന് ജീവിതങ്ങൾ മാറ്റിമറിക്കാനാവുമോ? പരനിന്ദക്കും വിദ്വേഷപ്രചരണത്തിനും പകരം സ്നേഹവും കരുതലും ഉറപ്പാക്കാനും ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്താനാവുമെന്നാണ് ഈ അനുഭവം പറയുന്നത്
കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച പരുതൂരിലെ കുരുന്നുകളായ അഭിഷേകിന്റെയും ശ്രീനന്ദയുടെയും സത്യസന്ധതയെക്കുറിച്ചും ജീവിതാവസ്ഥയെക്കുറിച്ചും അവരെ വീട്ടിൽ പോയി കണ്ടശേഷം ഞാനൊരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. ഒട്ടേറേപ്പേർ ഈ കുട്ടികൾക്ക് വീടുവച്ചു കൊടുക്കണമെന്നെല്ലാമുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അവിടെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും എന്റെ രണ്ടു സുഹൃത്തുക്കൾ നേരിട്ട് വിളിച്ച് കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച കാര്യം പങ്കുവക്കട്ടെ.
ഇപ്പോൾ ഈ കുട്ടികൾ താമസിച്ചു വരുന്ന വീട് കൂട്ടുസ്വത്താകയാലും മറ്റ് അവകാശികൾ ഉള്ളതിനാലും ആ വീട് നിർമ്മാണം പൂർത്തിയാക്കുക എന്നത് പ്രായോഗികമാവുമായിരുന്നില്ല. സ്വന്തമായി സ്ഥലം കണ്ടെത്തി പുതുതായി വീട് വച്ച് കൊടുക്കുന്നതിനുള്ള മാർഗ്ഗമെന്ത് എന്ന ആലോചന പലരുമായി പങ്കുവച്ചിരുന്നു. അപ്പോഴാണ്,പരൂതൂരുകാരൻ തന്നെയായ എന്റെ സുഹൃത്തും പാർട്ടി അനുഭാവിയും മണിപ്പാലിലെ ഉഡുപ്പി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ഷിനോദ് അഞ്ചു സെന്റ് സ്ഥലം വിലക്ക് വാങ്ങി നൽകാനുള്ള സന്നദ്ധത അറിയിച്ചത്. അമേരിക്കയിൽ ജോലി ചെയ്യുന്ന എന്റെ മറ്റൊരു സുഹൃത്ത് ആ കുട്ടികൾക്കും അമ്മക്കുമായി വീട് വച്ചു കൊടുക്കുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. ദീർഘകാല സുഹൃത്ത് ആണെങ്കിലും അറിയപ്പെടാൻ ആഗ്രഹമില്ല എന്നറിയച്ചതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. (തൃത്താലയിൽ ഞാൻ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിൽ കുട്ടികളുടെ സ്പോണ്സർമാരിൽ ഒരാളായതും കോവിഡ് മൂലം രക്ഷിതാവിനെ നഷ്ടപ്പെട്ട് അനാഥമായ ഒരു കുടുംബത്തിനെ സംരക്ഷിക്കുന്നതും ഈ സുഹൃത്താണ്)
 ഷിനോദിനോടും പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത പ്രിയ സുഹൃത്തിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു. ഈ രണ്ട് പേരും പോസ്റ്റ് കണ്ട് സഹായം ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഇത്തരത്തിൽ സഹായം അർഹിക്കുന്നവർ ഇനിയുമുണ്ട്. പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നവരിൽ സഹായമനസ്കതയുള്ളവർ തീർച്ചയായും അതും അറിയിക്കണം.
 അഭിഷേകിന്റെയും ശ്രീനന്ദയുടെയും കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയ സി.പി.എം നേതാവ് സ.അലി ഇക്ബാൽ മാസ്റ്റർക്കും പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ



deshabhimani section

Related News

View More
0 comments
Sort by

Home