നമുക്കൊരു യാത്രപോകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 01:24 AM | 0 min read


മാലിന്യപ്പാളങ്ങൾ

ആമയിഴഞ്ചാൻ തോട്ടിൽനിന്ന്‌ ശുചീകരണത്തൊഴിലാളി ക്രിസ്‌റ്റഫർ ജോയിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തതിന്റെ ഒമ്പതാം നാളിലാണ്‌ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ പൊതുബജറ്റ്‌ അവതരിപ്പിച്ചത്‌.  ജോയിയുടെ ദാരുണ മരണത്തിൽ പ്രതിസ്ഥാനത്തുള്ള  ഇന്ത്യൻ റെയിൽവേ, മാലിന്യസംസ്‌കരണത്തിനായി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷിച്ചവരെ ബജറ്റ്‌ നിരാശപ്പെടുത്തി. റെയിൽവേയ്‌ക്കുള്ള വിഹിതം വെട്ടിക്കുറച്ചവരുടെ മുൻഗണനാക്രമത്തിൽ  സ്വാഭാവികമായും മാലിന്യസംസ്‌കരണത്തിനും സ്ഥാനമില്ല.  ദിവസം 650 ടണ്ണോളം മാലിന്യം പുറന്തള്ളുന്ന റെയിൽവേയ്‌ക്ക്‌  നാമമാത്രമായ സംഭരണകേന്ദ്രങ്ങളും,  സംസ്‌കരണസംവിധാനങ്ങളും മാത്രമാണുള്ളത്‌.  മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യത്തിന്റെ യാത്ര അവസാനിക്കുന്നത്‌ പാതയോരങ്ങളിലെ ജലാശയങ്ങളിൽ. നമുക്കൊരു 
യാത്രപോകാം
വേണു കെ ആലത്തൂർ, 
മുഹമ്മദ് ഹാഷിം, 
ഒ വി സുരേഷ് എന്നിവർ തയ്യാറാക്കിയ പരമ്പര  ഇന്നുമുതൽ


നമുക്ക് ട്രെയിനിൽ യാത്ര പോകാം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ദീർഘദൂര ട്രെയിനിൽ കയറി വിൻഡോ സീറ്റിൽതന്നെ ഇരിക്കണം. ഓടിത്തുടങ്ങിയാൽ പുറംകാഴ്‌ചകളിലേക്ക്‌ കണ്ണുകൾ പായിക്കണം. പാളത്തിന്റെ തൊട്ടടുത്ത ഭാഗങ്ങളിൽ അത്ര സുഖകരമായ കാഴ്‌ചയാകില്ല. ഭക്ഷണപ്പാത്രങ്ങൾ, പേപ്പർ ഗ്ലാസ്സുകൾ, പ്ലാസ്റ്റിക്‌ ബോട്ടിലുകൾ.... പ്ലാറ്റ്‌ഫോമുകൾ പിന്നിടുന്നതോടെ, മലിനജലവും മാലിന്യവും തളംകെട്ടിക്കിടക്കുന്നതു കാണാം. പെരിയാറിലും ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും കോരപ്പുഴയിലും ചന്ദ്രഗിരിപ്പുഴയിലും പ്ലാസ്റ്റിക്‌ ബോട്ടിലുകളടക്കമുള്ള മാലിന്യങ്ങളുടെ ജലസമാധി. ബോഗികൾ ശുചീകരിക്കാനെത്തുന്നവർ തൂത്തുവാരിയെടുക്കുന്നവയെല്ലാം പുഴകളിലേക്ക്‌ തള്ളുന്ന കാഴ്‌ച. ബയോ ടോയ്‌ലറ്റ്‌ ആണെങ്കിലും ചോർച്ചയ്‌ക്ക്‌ കുറവില്ല. അവയും വന്നുവീഴുന്നത്‌ പാളങ്ങളിലും പുഴകളിലുംതന്നെ.

കേരളത്തിലൂടെ കടന്നുപോകുന്നത്‌ 13 റൂട്ടുകളിലായി 1257 കിലോമീറ്റർ പാതയാണ്‌. 125 ട്രെയിൻ ഓപ്പറേറ്റ്‌ ചെയ്യുന്ന പാലക്കാട്‌, 140 ട്രെയിൻ ഓപ്പറേറ്റ്‌ ചെയ്യുന്ന തിരുവനന്തപുരം എന്നിങ്ങനെ രണ്ടു ഡിവിഷനുകൾ. പ്രതിദിനം അഞ്ചുലക്ഷത്തോളംപേർ കേരളത്തിൽ ട്രെയിനിനെ ആശ്രയിക്കുന്നു. ടിക്കറ്റെടുത്തു മാത്രം യാത്രചെയ്യുന്നവരാണ്‌ മലയാളികൾ.  റെയിൽവേയ്‌ക്കു മികച്ച വരുമാനം നൽകുന്ന സംസ്ഥാനം. എന്നിട്ടും ട്രെയിൻ മാലിന്യങ്ങൾ സംസ്കരിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല.

ട്രെയിനുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യം തോന്നിയപോലെ വലിച്ചെറിഞ്ഞ ഇന്ത്യൻ റെയിൽവേയുടെ അഹങ്കാരത്തിന്റെ ഇരയാണ്‌ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളി ക്രിസ്റ്റഫർ ജോയി. സ്വന്തം ഉത്തരവാദിത്തംമറന്ന്‌ ലാഭക്കണ്ണുമാത്രമായിരിക്കുന്ന റെയിൽവേയ്‌ക്ക്‌ മാനുഷിക മൂല്യങ്ങൾ അന്യമാണെന്ന യാഥാർഥ്യമാണ്‌ തുറന്നുകാട്ടപ്പെട്ടത്‌.

വരുമാനത്തിൽ മുന്നിലുള്ള രാജ്യത്തെ എ വൺ സ്റ്റേഷനുകളിലൊന്നായ തൃശൂരിൽ കക്കൂസ്‌ മാലിന്യം സംസ്‌കരിക്കാൻപോലും സംവിധാനമില്ല.  തൃശൂരിൽ എന്നല്ല രാജ്യത്തെ മറ്റ് എ വൺ സ്റ്റേഷനുകളുടെയും അവസ്ഥ ഇതാണ്.  എ വൺ സ്‌റ്റേഷനുകിൽ കക്കൂസ്‌ മാലിന്യമടക്കമുള്ളവ സംസ്‌കരിക്കാൻ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, വെള്ളം ശുദ്ധീകരിക്കാനുള്ള ഇഫ്ലുവെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, മാലിന്യങ്ങൾ തരംതിരിക്കാനായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി എന്നിവ നിർബന്ധമാണ്‌.  തൃശൂർ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോമിന്‌ പിന്നിലായുള്ള മാലിന്യം തരം തിരിക്കൽ കേന്ദ്രത്തിൽനിന്ന്‌ മാലിന്യം വഞ്ചിക്കുളത്തിന്‌ സമീപമുള്ള തോട്ടിലേക്കാണ്‌ തള്ളുന്നത്‌.
റെയിൽവേ സ്റ്റേഷന്റെ പിറകുവശവും മാലിന്യക്കുന്നുകൾ. സ്റ്റേഷന്റെ മുൻ ഭാഗത്ത് സെപ്‌റ്റിക്‌ ടാങ്കിൽ നിന്നുള്ള മാലിന്യം തള്ളുന്നത്‌ കാനയിലേക്ക്.  ഇത്‌ വഞ്ചിക്കുളത്തേക്കും തുടർന്ന് കോൾപ്പാടങ്ങളിലേക്കുമൊഴുകും.   ദുർഗന്ധവും ഈച്ച ശല്യവും രൂക്ഷമായെന്ന്‌ യാത്രക്കാർ പരാതിപ്പെട്ടപ്പോൾ തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ റെയിൽവേയുടെ "ശുചിത്വബോധം' വ്യക്തമായത്‌.

(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Home