കുവൈത്ത്‌ തീപിടിത്തം: മലയാളികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:18 PM | 0 min read

ആലപ്പുഴ> കുവൈത്തിലെ അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ആലപ്പുഴ തലവടി സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ്‌ വി മുളയ്‌ക്കൽ (ജിജോ 42), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും.

തിങ്കൾ രാവിലെ എട്ടിന്‌ മാത്യൂസിന്റെ അടുത്തബന്ധു അല്‌കസ്‌ തോമസ്‌ മുളയ്‌ക്കലും ബന്ധുക്കളും ചേർന്ന്‌ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പ്രദേശിക സമയം ഞായർ പകൽ 2.30ന്‌ അബ്ബാസിയയിലെ സബാ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് ശേഷം രാത്രി 10.30നുള്ള എമറേറ്റ്‌സ്‌ വിമാനത്തിലാണ്‌ മൃതദേഹങ്ങൾ എത്തിച്ചത്‌. കുവൈത്തിലുള്ള സഹോദരി ഷീജയുടെ ഭർത്താവ്‌ മോൻസി വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു.

40 ദിവസത്തെ അവധിക്ക്‌ ശേഷം തലവടിയിലെ വീട്ടിൽ നിന്ന്‌ വെള്ളി വൈകിട്ട്‌ അഞ്ചിനാണ്‌ ഇവർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്‌. ഇതിന്‌ നാലു മണിക്കൂറിനുശേഷമാണ്‌  ഫ്ലാറ്റിന്റെ ബാൽക്കണിയിലുള്ള എയർ കണ്ടീഷണറിൽനിന്ന്‌ തീപടർന്നത്‌. അഞ്ചു നിലകളുള്ള ഫ്‌ളാറ്റിൽ രണ്ടാമത്തെ നിലയിലെ ആറാം നമ്പർ ക്വാർട്ടേഴ്‌സിലാണ്‌ മാത്യുവും കുടുംബവും താമസിച്ചിരുന്നത്‌.

അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ്‌ നാലുപേരെയും മരിച്ച നിലയിൽ കണ്ടത്‌. കുവൈത്തിൽ റോയിട്ടേഴ്‌സിൽ വിവര സാങ്കേതിക വിഭാഗം എൻജിനിയറാണ്‌ മാത്യൂസ്‌. ലിനി എബ്രഹാം അബ്ബാസിയയിലെ അദാൻ ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സാണ്‌. ഐറിൻ അബ്ബാസിയ ഭവൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഐസക്‌ നാലാം ക്ലാസ്‌ വിദ്യാർഥിയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home