മലപ്പുറത്ത് നിപാ ബാധിച്ച കുട്ടി മരിച്ചു; പനി ബാധിച്ചത് 10 ദിവസം മുമ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 12:37 PM | 0 min read

മലപ്പുറം> നിപാ രോ​ഗം ബാധിച്ച മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച  രാവിലെ 11.30 ഓടെയാണ് കുട്ടി മരിച്ചത്. രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

10ന് പനി ബാധിച്ച എട്ടാം ക്ലാസ്‌ വിദ്യാർഥി 12ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സതേടിയിരുന്നു.. 13ന്‌ പാണ്ടിക്കാട്ടെ പികെഎം ആശുപത്രിയിൽ കാണിച്ചു. രോഗം മൂർച്ഛിച്ചതോടെ 15ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ചെള്ള്‌ പനി സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇവിടുത്തെ പരിശോധനയിൽ നിപ സംശയത്തെ തുടർന്ന്‌ സ്രവസാമ്പിൾ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് പുണെ എൻഐവിയിലേക്ക് അയച്ചത്. ശനി വൈകിട്ട്‌ ആറരയോടെയാണ്‌ ഫലംവന്നത്‌. ഇതിന് പിന്നാലെ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നിലവിൽ 246 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 63 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. പതിനാലുകാരനുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകൾ ഞായറാഴ്ച പരിശോധിക്കും. ഉച്ചയോടെ ഫലം പുറത്തുവരും.

കുട്ടിയുമായി സമ്പർക്കത്തിലില്ലാത്ത പ്രദേശവാസിയെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ സ്രവവും പരിശോധിക്കും. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ വളണ്ടിയർമാരെയും നിയോഗിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home