കിഫ്ബി ; ലക്ഷ്യം ഐസക്കിൽനിന്ന് വിവരം 
തിരക്കുകമാത്രമെന്ന്‌ ഇഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 12:52 AM | 0 min read


കൊച്ചി
കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക്കിൽനിന്ന്‌ വിവരം തിരക്കാനാണ് സമൻസ് അയച്ചതെന്നും മറ്റ് ലക്ഷ്യങ്ങളില്ലെന്നും എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി) ഹെെക്കോടതിയെ അറിയിച്ചു. കിഫ്ബി വെെസ് ചെയർമാൻ എന്നനിലയിൽ, ഫണ്ട് വിനിയോഗമടക്കം അറിയാമെന്നത്‌ കണക്കിലെടുത്താണ്‌ അദ്ദേഹത്തിൽനിന്ന്‌ വിവരം തിരക്കുന്നതെന്നും ഇഡി അറിയിച്ചു. മസാല ബോണ്ടുമായി  ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും സമൻസ് അയച്ചത് ചോദ്യംചെയ്ത് ഡോ. തോമസ് ഐസക് നൽകിയ ഹർജിയാണ് ജസ്റ്റിസ് ടി ആർ രവി പരിഗണിച്ചത്.

വിവരശേഖരണത്തിനായി ഒരു വ്യക്തിയെ സമൻസ് അയച്ച്‌ വിളിക്കാൻ ഇഡിക്ക് അനുവാദമുണ്ടെന്ന സുപ്രീംകോടതി വിധിയുണ്ടെന്ന്‌ ഇഡി അഭിഭാഷകൻ പറഞ്ഞു. ലഭ്യമായ വിവരങ്ങളുടെ നിജസ്ഥിതി അറിയാനോ കൂടുതൽ വിവരങ്ങൾ അറിയാനോ ഇഡിക്ക്‌ വ്യക്തികളെ വിളിച്ചുവരുത്താം. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ, മസാല ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ, ഇന്ത്യക്ക്‌ പുറത്തുള്ള ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ് അയച്ചതെന്നും ഇഡി പറഞ്ഞു. 

കിഫ്ബി മസാല ബോണ്ടിൽ ഫെമ നിയമലംഘനം ആരോപിച്ച് ഇഡി നടത്തുന്ന അന്വേഷണം നിയമപരമല്ലെന്ന് ഡോ. ടി എം തോമസ് ഐസക് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതികളുടെയും ഫണ്ട്‌ വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ഉത്തരവാദിത്വം തോമസ് ഐസക്കിനാണെന്ന ഇഡിയുടെ വാദം ശരിയല്ലെന്ന് കിഫ്ബിയും അറിയിച്ചിരുന്നു. ഇഡി അന്വേഷണത്തിനെതിരെ കിഫ്ബി  നൽകിയ ഹർജിയിൽ 19നും ഐസക് നൽകിയ ഹർജിയിൽ 24നും വാദം തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home