സവാദിന്‌ സ്വീകരണം നൽകാൻ കോൺഗ്രസ്‌ നേതാവും; നടന്നത് ഹണി ട്രാപ്പെന്ന്‌ ന്യായീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2023, 04:58 PM | 0 min read

കൊച്ചി > കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ സവാദിന് ജയിലിന് പുറത്ത് സ്വീകരണം നൽകിയതിൽ ചുക്കാൻ പിടിച്ച്‌ കോൺഗ്രസ്‌ നേതാവും. കൊല്ലം ശൂരനാട്ടെ കോൺ​ഗ്രസ് നേതാവും സോഷ്യൽമീഡിയയിൽ കോൺ​ഗ്രസിന്റെ മുഖവുമായ ശ്രീദേവ്‌ സോമനാണ്‌ സവാദിന്‌ സ്വീകരണം നൽകാൻ നേതൃത്വം നൽകിയവരിൽ പ്രധാനി.

"സവാദ് തെറ്റ് ചെയ്‌തിട്ടില്ല എന്ന പൂർണ്ണ വിശ്വാസത്തിലാണ് സവാദിന് പിന്തുണ നൽകുന്നത്. സവാദിന് എതിരെ നടന്നത് ഹണി ട്രാപ്പ് ആണ് ..സവാദിനെ പറ്റി സവാദിന്റെ നാട്ടിൽ ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് അറിയാൻ സാധിച്ചത് സവാദ് ആ നാട്ടിലെ അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവർത്തകനാണ് എന്നാണ്' - ശ്രീദേവ്‌ ഫെയ്‌സ്‌ബുക്കിൽ ഇങ്ങനെയാണ്‌ സവാദിനെ ന്യായീകരിക്കുന്നത്‌. മുതിർന്ന കോൺഗ്രസ്‌ നേതാക്കളുമായി അടുത്തബന്ധമുള്ളതും, കോൺഗ്രസിന്റെ സൈബർ ഇടത്തിലെ സജീവ സാന്നിധ്യവുമാണ്‌ ശ്രീദേവ്‌.

കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷനാണ് സ്വീകരണം നൽകിയത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു മുന്നിൽ സവാദിന് സ്വീകരണം നൽകിയത്. ഇതിന്റെ വീഡിയോ അസോസിയേഷൻ ഫെയ്‌സ്ബുക്കിലൂടെ ലൈവ് ആയി കാണിച്ചിരുന്നു.

സവാദിനെ പൂമാലയണിയിക്കുന്നതും ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്നു പറയുന്നതും വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രശസ്‌തി ലഭിക്കാനായി യുവതി നൽകിയ കള്ളപ്പരാതിയാണിതെന്ന്  അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ ആരോപിച്ചിരുന്നു. ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. സവാദ് തെറ്റ് ചെയ്‌തിട്ടില്ലെന്നും സവാദിനു വേണ്ടി സംഘടന നിയമപരമായി നീങ്ങുമെന്നും പ്രസിഡന്റ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home