വിയോജിപ്പിനും ഇടമുള്ള പൊതുമണ്ഡലം ഇല്ലാതാക്കാൻ സംഘടിതശ്രമം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 09:37 PM | 0 min read

തിരുവനന്തപുരം> വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സി ദിവാകരന്റെ ആത്മകഥയായ ‘കനൽവഴികളിലൂടെ’  പ്രകാശിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. പുസ്‌തകത്തിൽ പറയുന്ന എല്ലാ കാര്യത്തിനോടും യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്നതിന്‌ അർഥമില്ല. യോജിക്കുന്നതും വിയോജിക്കുന്നതുമായ കാര്യങ്ങൾ ഉണ്ടാകാം. സി ദിവാകരൻ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും വിലയിരുത്തലുകളുമാണ്‌ അവതരിപ്പിക്കുന്നത്‌. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ്‌ പ്രധാനം.

പൊതുപ്രവർത്തകരുടെ ആത്മകഥ കേവലജീവിത വിവരണം മാത്രമായി പരിമിതപ്പെടില്ല. അതിൽ നാടിന്റെ ചരിത്രവും ഭാവിയെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളുമുണ്ടാകും. വിവേചനവും ചൂഷണവും അടിച്ചമർത്തലുകളും നിലനിൽക്കുന്ന രാജ്യത്ത്‌ കമ്യൂണിസ്‌റ്റുകാരുടെ ജീവിതം പൂക്കൾ വിതറിയ വഴികളിലൂടെ അല്ല മുന്നേറിയിട്ടുള്ളത്‌. ഇത്‌ കമ്യൂണിസ്‌റ്റുകാരന്റെ ആത്മകഥയാണെന്ന്‌ കനൽവഴികളിലൂടെ എന്ന അതിന്റെ തലക്കെട്ടിൽനിന്ന്‌ തന്നെ മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്‌തകം സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി.

അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സത്യൻ മൊകേരി അധ്യക്ഷനായി. കെ ജയകുമാർ, പ്രൊഫ.ജി എൻ പണിക്കർ, ഡോ.ജോർജ് ഓണക്കൂർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ടി വി ബാലൻ,  പ്രൊഫ.എം ചന്ദ്രബാബു, എസ്ഹനീഫാ റാവുത്തർ എന്നിവർ സംസാരിച്ചു. പ്രഭാത്‌ ബുക്‌സാണ്‌ പ്രസാധകർ.

 



deshabhimani section

Related News

View More
0 comments
Sort by

Home