സംസ്ഥാന ‘വികസനം മുടക്കി’ വകുപ്പ് മന്ത്രിയാണ് വി മുരളിധരൻ: മന്ത്രി മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 02:44 PM | 0 min read

 തിരുവനന്തപുരം> കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് എന്ന ഒരു പുതിയ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഉണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവര്‍ത്തനവുമെന്നും മന്ത്രി റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഉള്ള രണ്ട് വര്‍ഷത്തെ മുരളീധരന്റെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കേരളത്തിന്റെ വികസനം മുടക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സില്‍വര്‍ ലൈനിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇവിടെ ജനിച്ചു വളര്‍ന്ന മലയാളിയാണ് അദ്ദേഹം. അതുകൊണ്ട് കേരളത്തിന്റെ ജനസാന്ദ്രതയെ കുറിച്ചും വാഹന പെരുപ്പത്തെകുറിച്ചും കേരളത്തിലെ ഗതാഗതകുരുക്കിനെ കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാം.

 എന്നാലും അദ്ദേഹം സില്‍വര്‍ ലൈനിനെതിരെ തുടര്‍ച്ചയായി ഇടപെട്ടു.  ദേശീയപാത വികസനം മുടക്കാന്‍ മുരളീധരന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയത് എന്ന് നമുക്ക് അറിയാം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകളും നമുക്കറിയാം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയപാതയുടെ വികസനത്തിന് 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 5600 കോടി രൂപയാണ് ഇങ്ങനെ കൈമാറിയത്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ആണ് വി മുരളീധരന്‍ നടത്തിയത്.

അത് കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ എന്തുകൊണ്ട് അദ്ദേഹം പരസ്യമായി അഭിനന്ദിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല. പക്ഷേ എന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നത്.

ഇന്ത്യയില്‍ 65 ലക്ഷത്തിലധികം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്. ആ പെന്‍ഷന്‍ തുക കേന്ദ്രഫണ്ട് ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി. നാല്‍പതിനായിരം കോടി രൂപ കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചപ്പോള്‍ അദ്ദേഹം ആഹ്ലാദനൃത്തമാടി. ഇപ്പോള്‍ വീണ്ടും 8000 കോടി വെട്ടിക്കുറച്ചു . ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് നേരെയുള്ള വെട്ടല്‍ ആണ് . ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ നേരിടാന്‍ പോകുന്ന പ്രയാസം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കുന്നതിന് പകരം കേന്ദ്രമന്ത്രി അതിലും സന്തോഷിക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കേരളസംസ്ഥാന വികസനം മുടക്കല്‍ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അറിയപ്പെടേണ്ടത്എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home